ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ അറസ്റ്റിലായ യു.എസ് നയതന്ത്ര ഉദ്യോഗസ്ഥന്‍ റെയ്മണ്ട് ഡേവിസിനെ ഉടന്‍ വിട്ടയക്കണമെന്ന് യു.എസ് കൗണ്‍സിലര്‍ ജനറല്‍ ആവശ്യപ്പെട്ടു. രണ്ട് പാക് പൗരന്‍മാരെ വെടിവച്ചുകൊന്ന കേസിലാണ് ഡേവിസ് അറസ്റ്റിലായത്.

വിയന്ന കണ്‍വെന്‍ഷനിലെ കരാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് യു.എസ് എംബസി ഉദ്യോഗസ്ഥനായ റെയ്മണ്ട് ഡേവിസിന് പ്രത്യേക പരിരക്ഷയുണ്ട്. പാക്കിസ്ഥാന്‍ കൂടി ഈ കരാറില്‍ ഒപ്പിട്ടതാണ്.

ഈ കേസില്‍ റെയ്മണ്ടിനെ കഴിഞ്ഞ ദിവസം പതിനാല് ദിവസം കൂടി കസ്റ്റഡിയില്‍ വിട്ടിരുന്നു.ഇരട്ടക്കൊലപാതകത്തിന് ഈമാസം 27നാണ് ഇയാള്‍ അറസ്റ്റിലായത്. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാക്കളെ ഇയാള്‍ ആത്മരക്ഷാര്‍ത്ഥം വെടിവച്ചുകൊല്ലുകയായിരുന്നെന്നാണ് യു.എസ് പറയുന്നത്.

അതേസമയം റെയ്മണ്ടിന്റെ അറസ്റ്റ് പാക്ക്-യു.എസ് ബന്ധത്തിന് വിള്ളലുണ്ടാക്കിയിരിക്കുകയാണ്. പാക്കിസ്ഥാന് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത 150 കോടിയുടെ സഹായം റദ്ദാക്കണമെന്നും യു.എസ് ഭീഷണി മുഴക്കിയിട്ടുണ്ട്.