വാഷിങ്ടണ്‍: ഉത്തരകൊറിയയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. കിം ജോങ് ഉന്‍ ആണവായുധ ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് വൈറ്റ് ഹൗസില്‍ നടന്ന മന്ത്രിസഭയോഗത്തില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ വൈറ്റ്ഹൗസിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. സുഡാന്‍, സിറിയ, ഇറാന്‍ എന്നീ രാജ്യങ്ങളെയാണ് യു.എസ്. ഭീകരരാഷ്ട്രങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്. അന്താരാഷ്ട്രഭീകരതയ്ക്ക് പിന്തുണ നല്‍കുന്നു എന്നു പറഞ്ഞായിരുന്നു ഇത്. ഈ പട്ടികയിലാവും ഇനി ഉത്തരകൊറിയയുടെയും സ്ഥാനം


Also Read:  കൊച്ചിയില്‍ 15 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി; കേരളത്തിലെ വലിയ മയക്കുമരുന്ന് വേട്ട


ബാലിസ്റ്റിക് മിസൈല്‍ വികസന പരിപാടി ഉത്തരകൊറിയ ഉപേക്ഷിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. കടുത്ത ഉപരോധങ്ങളിലൂടെ കിം ജോങ് ഉന്‍ ഭരണകൂടത്തെ സമ്മര്‍ദത്തിലാക്കുകയെന്ന യു.എസ് നടപടിയുടെ ഭാഗമാണ് ഈ പ്രഖ്യാപനവും.

നേരത്തെ ജോര്‍ജ് ഡബ്ല്യു. ബുഷ് പ്രസിഡന്റായിരിക്കെ ഈ പട്ടികയില്‍നിന്ന് ഉത്തരകൊറിയയെ ഒഴിവാക്കിയതാണ്. ആണവനിരായുധീകരണ ചര്‍ച്ച സുഗമമാക്കാനായിരുന്നു ഇത്.