ന്യൂ ദല്‍ഹി: പ്രണബിന് ശേഷം പ്രതിരോധ മന്ത്രിയായി ആന്റണി വരുന്നതിനോട് അമേരിക്കയ്ക്ക് യോജിപ്പില്ലായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ വിക്കിലീക്‌സ് പുറത്തു വിട്ടു. അമേരിക്കയുമായി സൈനിക കരാറുകള്‍ നടപ്പിലാക്കുന്ന കാര്യങ്ങളില്‍ പ്രതിരോധ മന്ത്രി എ. കെ. ആന്റണിക്ക് ശുഷ്‌കാന്തി പോരെന്നും അമേരിക്കന്‍ അംബാസിഡര്‍ അയച്ച രേഖകള്‍ ചോര്‍ത്തി വിക്കിലീക്‌സ് പറയുന്നു.

അമേരിക്കയുമായുള്ള സൈനിക കരാറുകളും പ്രതിരോധ നടപടികളും ഏര്‍പ്പെടുന്നതിനും നടപ്പിലാക്കുന്നതിനും എ. കെ. ആന്റണി ഉത്സാഹം കാണിക്കുന്നില്ലെന്നും പ്രണബ് മുഖര്‍ജി ഇതിനെക്കാള്‍ നന്നായി പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തിരുന്നെന്നും തിമോത്തി റോമര്‍ അമേരിക്കക്ക് അയച്ച ചോര്‍ന്ന കേബിള്‍ സന്ദേശത്തിലുണ്ട്. വീണ്ടും പ്രണബിനെ ആ സ്ഥാനത്ത് നിലനിര്‍ത്താന്‍ അമേരിക്ക ശ്രമിച്ചതായും വിക്കിലീക്‌സ് രേഖകള്‍ കാണിക്കുന്നു.

പ്രണബ് മുഖര്‍ജി പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് അമേരിക്കയുമായി പത്തു വര്‍ഷത്തെ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലില്ലാത്ത സമയമായതിനാല്‍ പ്രതിരോധ കരാറുകള്‍ ഉണ്ടാക്കാന്‍ തടസ്സമില്ലെന്ന് വിദേശകാര്യ സെക്രട്ടറി നിരുപമ റാവു അമേരിക്കന്‍ നേതൃത്വത്തെ അറിയിച്ചതായും രേഖകള്‍ പറയുന്നു.