കൊച്ചി: പോലീസിനെ വെട്ടിച്ച് മുങ്ങിയ സുവിശേഷ പ്രവര്‍ത്തകന്‍ വില്യം ലീ അറസ്റ്റിലായി. വിസാചട്ടം ലംഘിച്ച് കൊച്ചിയില്‍ സുവിശേഷപ്രസംഗം നടത്തിയ അമേരിക്കന്‍ പൗരന്‍ വില്യം ലീയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞ ദിവസം പോലീസ് എത്തിയിരുന്നുവെങ്കിലും ഇയാള്‍ കടന്നുകളയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത വില്യം ലീയെ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മിജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് ഹാജരാക്കും.

തിരുവല്ല കേന്ദ്രീകരിച്ചുള്ള ഫെയ്ത്ത് ലീഡേഴ്‌സ് ചര്‍ച്ച് ഓഫ് ഗോഡ് എന്ന സംഘടന കഴിഞ്ഞ ദിവസം കലൂര്‍ അന്തരാഷ്ട്ര സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച സുവിശേഷ സംഗീത നിശയില്‍ ലീ ചട്ടം ലംഘിച്ച് പ്രസംഗിച്ചത് കഴിഞ്ഞ ദിവസം പോലീസ് ഇടപെട്ട് തടഞ്ഞിരുന്നു. സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ആളാണ് വില്യം ലീ.

വിനോദസഞ്ചാര വിസയിലാണ് ലീയും സംഘവും എത്തിയതെന്ന് പോലീസ് പറഞ്ഞു. ഇങ്ങനെ ഉള്ളവര്‍ക്ക് പ്രാര്‍ത്ഥനാപരിപാടികളോ പ്രഭാഷണങ്ങളോ നടത്താന്‍ അനുവാദമില്ലെന്നും പോലീസ് പറഞ്ഞു.