ന്യൂയോര്‍ക്ക്: ലോക മൂന്നാം നമ്പര്‍ റോജര്‍ ഫെഡററിന് പിന്നാലെ ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കാവിച്ചും രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലും യുഎസ് ഓപ്പണ്‍ ടെന്നിസ് ടുര്‍ണ്ണമെന്റിന്റെ പുരുഷ വിഭാഗം രണ്ടാം റൗണ്ടില്‍ കടന്നു. ആദ്യ റൗണ്ടില്‍ മത്സരത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ദ്യോക്കോവിച്ചിന്റെ എതിരാളി മത്സരം പൂര്‍ത്തിയാക്കാനാവാതെ പിന്‍മാറുകയായിരുന്നു.

ഐര്‍ലന്‍ഡിന്റെ യോഗ്യതാ മത്സരം കളിച്ചെത്തിയ കോണോര്‍ നിലാണ്ടാണ് മത്സരത്തിനിടെ പരിക്കേറ്റ് പിന്മാറിയത്. 6-0, 5-1 എന്ന നിലയില്‍ ദ്യോക്കോവിച്ച് മത്സരത്തില്‍ മുന്നിട്ട് നില്‍ക്കവെയായിരുന്നു നിലാണ്ടിന്റെ പിന്‍മാറ്റം. 55 മിനിറ്റുനുള്ളില്‍ മത്സരം അവസാനിച്ചു.

കടുത്ത പോരാട്ടത്തിനൊടുവില്‍ ഏറെ വിയര്‍പ്പൊഴുക്കിയാണ് അത്രയൊന്നും പ്രശ്തനല്ലാത്ത കസാക്കിസ്താന്റെ ആന്‍ഡി ഗ്ലോബോവിനെ നദാല്‍ തോല്‍പ്പിച്ചത്. ലോകറാങ്കിങ്ങിലെ 98-ാം സ്ഥാനക്കാരനെതിരെ 6-3, 7-6(7/1),7-5 എന്ന സ്‌കോറിനാണ് നിലവിലെ ചാംപ്യനായ നദാലിന്റെ വിജയം.

വനിതാ വിഭാഗത്തില്‍ സെര്‍ബിയയുടെ അന്ന ഇവനോവിച്ചും രണ്ടാം റൗണ്ടില്‍ കടന്നിട്ടുണ്ട്. 16- ാം സീഡായ ഇവനോവിച്ച് കെസ്‌നിയ പെര്‍വകിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് രണ്ടാം റൗണ്ടില്‍ എത്തിയത്. സ്‌കോര്‍: 6-4, 6-2.

ഇന്ത്യയുടെ സാനിയ മിര്‍സയും ചൈനയുടെ ലി നായും വനിതാവിഭാഗം സിംഗിള്‍സില്‍നിന്ന് പുറത്തായി. റൊമാനിയയുടെ സിമോണ ഹലേപാണ് ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യനായ ലി നായെ അട്ടിമറിച്ചത്. സ്‌കോര്‍: 6-2, 7-5. അതേസമയം, ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സാനിയയെ ഇസ്രയേലിന്റെ ഷഹാര്‍ പീറാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-7, 6-3, 6-1.