ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ പുരുഷ വിഭാഗം കിരീടം ലോക ഒന്നാം നമ്പര്‍ നൊവാക് ജ്യോക്കോവിച്ച് സ്വന്തമാക്കി. വിംബിള്‍ഡണിലേതിനു സമാനമായി നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാലിനെ കടുത്ത പോരാട്ടത്തിലൂടെ കീഴടക്കിയാണ് സര്‍ബിയക്കാരയായ ജ്യോക്കോവിച്ച് തന്റെ പ്രഥമ യു. എസ്. ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടത്. ഈ സീസണില്‍ ജ്യോക്കോവിച്ചിന്റെ മൂന്നാം ഗ്രാന്‍സ്‌ലാം കിരീടനേട്ടമാണിത്. സ്‌കോര്‍: 6-2, 6-4, 6-7 (3), 6-1.

ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍ എന്നിവ കൂടി സ്വന്തമാക്കിയ ജ്യോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിന്റ സെമിയില്‍ പുറത്തായിരുന്നു. ഈ സീസണില്‍ കളിച്ച 66 മത്സരങ്ങളില്‍ രണ്ടുതവണമാത്രമാണ് ജ്യോക്കോവിച്ച് പരാജയം നുണഞ്ഞത്.

നദാലിനെതിരായ തുടര്‍ച്ചയായ ആറാമത്തെ ഫൈനല്‍ വിജയമായിരുന്നു യു.എസ്. ഓപ്പണില്‍ ജ്യോക്കോവിച്ച് നേടിയത്.