ന്യൂയോര്‍ക്ക്: പുരുഷവിഭാഗത്തില്‍ മൂന്നാം സീഡും അഞ്ച് തവണ ചാംപ്യനുമായ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ റോജര്‍ ഫെഡററും വനിതാ വിഭാഗത്തില്‍ ടോപ്‌സീഡ് കരോലിന്‍ വോസ്‌നിയാക്കിയും യു.എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ നാലാം റൗണ്ടില്‍ കടന്നു.

ഇരുപത്തിയേഴാം സീഡുകാരനായ മാരിന്‍ സിലികിനെയാണ് ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ഫെഡറര്‍ അടിയറവ് പറയിച്ചത്. സ്‌കോര്‍: 6-3, 4-6, 6-4, 6-2. മുപ്പതുകാരനായ ഫെഡറര്‍ രണ്ടാം സെറ്റിന്റെ അവസാനം മാത്രമാണ് അല്‍പ്പം പതറിയത്.

ഫെഡററുടെ 226-ാം ഗ്രാന്‍സ്ലാം വിജയമാണിത്. 233 വിജയങ്ങള്‍ സ്വന്തമാക്കിയ ജിമ്മി കോണേഴ്‌സ് മാത്രമാണ് ഇനി ഫെഡറര്‍ക്ക് മുന്നിലുള്ളത്.
വനിതാവിഭാഗത്തില്‍ ടോപ് സീഡ് കരോലിന്‍ വോസ്‌നിയാക്കിയും നാലാം റൗണ്ടിലെത്തിയിട്ടുണ്ട്. 2009ലെ റണ്ണര്‍ അപ്പായ വോസ്‌നിയാക്കി 103 റാങ്കുകാരിയായ വനിയ കിങിനെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍: 6-2, 6-4. പ്രമുഖരായ നിരവധി പേര്‍ ഇതിനകം ടൂര്‍ണമെന്റിന് പുറത്തായി കഴിഞ്ഞു. അവശേഷിക്കുന്നവരില്‍ വോസ്‌നിയാക്കിയും സെറീന വില്യംസുമാണ് കാണികളുടെ ഫേവറേറ്റുകള്‍.

ഫ്രഞ്ച് ഓപണ്‍ ചാംപ്യന്‍ ലീ നാ, വിംബിള്‍ഡണ്‍ ചാംപ്യന്‍ പെട്രോ ക്വിറ്റോവ, വീനസ് വില്യംസ്, മൂന്നാം സീഡ് മരിയ ഷറപ്പോവ എന്നിവര്‍ പുറത്തായവരില്‍ പെടുന്നു. നിലവിലെ ചാംപ്യന്‍ ക്ലിം ക്ലസ്റ്റേര്‍സ് പരിക്ക് മൂലം കളിക്കുന്നുമില്ല. അത് കൊണ്ട്തന്നെ രണ്ടിലൊരാളാവും മിക്കവാറും ചാംപ്യന്‍ എന്നാണ് കരുതപ്പെടുന്നത്.