ന്യൂയോര്‍ക്ക്: അഞ്ച് തവണ ചാംപ്യനായ റോജര്‍ ഫെഡറര്‍ യുഎസ് ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ കടന്നു. രണ്ടാം റൗണ്ടില്‍ 93-ാം റാങ്കുകാരനായ ഇസ്രായേലിന്റെ ഡൂഡി സേലക്കെതിരെ 6-3, 6-2, 6-2നായിരുന്നു ഫെഡററുടെ ജയം.

വിജയത്തിനുശേഷം സ്‌ട്രോക്ക് മെച്ചപ്പെടൂത്താനുള്ള ചില ടിപ്‌സുകള്‍ കാണികള്‍ക്ക് നല്‍കുകയും ചെയ്തു ഫെഡറര്‍. ഗ്രാന്‍സ് ലാം മില്‍ ഫെഡററുടെ 225-ാം വിജയമായിരുന്നു ഇത്. ഇതോടെ മത്സരവിജയങ്ങളില്‍ ആന്ദ്രെ അഗാസിയെ മറികടന്ന് റോജര്‍ ഒറ്റക്ക് രണ്ടാം സ്ഥാനത്തെത്തി.

ഒന്നാം സ്ഥാനത്ത് ജിമ്മി കോണേഴ്‌സാണ്. അദ്ദേഹം 233 ഗ്രാന്‌സ് ലാം വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ആഗാസി 224 വിജയങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ആഗസ്റ്റ്ില്‍ മുപ്പതാം പിറന്നാല്‍ ആഘോഷിച്ച ഫെഡറര്‍ തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും മേജര്‍ ടൂര്‍ണ്ണമെന്റ് കിരീടം എന്ന നേട്ടത്തിലേക്കാണ് കുതിക്കുന്നത്.

കിരീടം നേടിയാല്‍ അഗാസിക്ക് ശേഷം മുപ്പത് വയസ് പൂര്‍ത്തിയാക്കിയതിന് ശേഷം കിരീടം നേടുന്ന ആദ്യതാരമാവും ഫെഡറര്‍. ആദ്യ റൗണ്ടില്‍ കൊളംബിയയുടെ സാന്റിയാഗൊ ഗിറാല്‍ഡോയെ പരാജയപ്പെടുത്തിയാണ് മൂന്നാം സീഡായ ഫെഡറര്‍ രണ്ടാം റൗണ്ടില്‍ കടന്നത്.