ന്യൂയോര്‍ക്ക്:  യു.എസ് ഓപ്പണ്‍ ടെന്നിസ് വനിതാ വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ താരം അഗ്നിയേസ്‌ക റാഡ്വാന്‍സ്‌ക പുറത്ത്. ഇറ്റാലിയന്‍ താരം റോബര്‍ട്ടാ വിന്‍സിയാണ് പോളിഷ് താരമായ റാഡ്വാന്‍സ്‌കയെ പ്രീ ക്വാര്‍ട്ടറില്‍ അട്ടിമറിച്ചത്. സ്‌കോര്‍ 6-1, 6-4.

Ads By Google

അതേസമയം, മുന്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളായ സെറീന വില്യംസും അനാ ഇവാനോവിക്കും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സെറീന വില്യംസ് ഒറ്റ സെറ്റ് പോലും വിട്ടുകൊടുക്കാതെയാണ് വിജയിച്ചത്. പുരുഷ വിഭാഗത്തില്‍ റോജര്‍ ഫെഡറര്‍, മരിന്‍ സിലിക് എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

പ്രീ ക്വാര്‍ട്ടറില്‍ അമേരിക്കയുടെ മാര്‍ഡി ഫിഷ് പരുക്ക് മൂലം കളിക്കാനിറങ്ങാത്തതിനാല്‍ ഫെഡറര്‍ക്ക് വാക് ഓവര്‍ ലഭിക്കുകയായിരുന്നു. ക്വാര്‍ട്ടറില്‍ തോമസ് ബെര്‍ഡിക്കാണ് റോജര്‍ ഫെഡററുടെ എതിരാളി.

അതേസമയം അടുത്ത രണ്ട് മാസത്തേക്ക് കൂടി കളിക്കളത്തില്‍ നിന്ന് വിട്ട്‌ നില്‍ക്കുമെന്ന് സ്പാനിഷ് താരം റാഫേല്‍ നദാല്‍ ട്വിറ്ററിലൂടെ അറിയിച്ചു.