വാഷിങ്ടണ്‍ : നിരാഹാരത്തെത്തുടര്‍ന്ന് ക്യൂബയിലെ രാഷ്ട്രീയത്തടവുകാരന്‍ മരിക്കാനിടയായ സാഹചര്യത്തില്‍ ജയിലിലുള്ള ഇരുന്നൂറോളം വരുന്ന രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കണമെന്ന് യുഎസ് ക്യൂബയോട് ആവശ്യപ്പെട്ടു. അവകാശങ്ങള്‍ സംരക്ഷിക്കന്‍ 85 ദിവസം നീണ്ട നിരാഹാരസമരം നടത്തിയ ഒര്‍ലാന്റോ സാപാറ്റ(42) എന്ന ക്യൂബന്‍ തടവുകാരന്‍ ചൊവ്വാഴ്ചയാണ് മരിച്ചത്. സാപാറ്റയുടെ മരണത്തില്‍ ദു:ഖിക്കുന്നതായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്‍ അറിയിച്ചു.

രാഷ്ട്രീയത്തടവുകാര്‍ക്കു നേരെയുള്ള അനീതീയാണ് സാപാറ്റയുടെ മരണത്തിനിടയാക്കിയതെന്നും ഉടനെ തന്നെ ഇവരെ വിട്ടയയ്ക്കാനുള്ള നടപടികള്‍ ആംഭിയ്ക്കണമെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയുടെ വക്താവ് ഫിലിപ് ക്രൗലി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ആഴ്ച ക്യൂബ സന്ദര്‍ശിച്ച യുഎസ് സംഘം സാപാറ്റായുടെ ആരോഗ്യസ്ഥിതി വഷളായ കാര്യം ക്യൂബന്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെന്നും അദ്ദേഹത്തിനു വേണ്ട ശുശ്രൂഷ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും ക്രൗലി വ്യക്തമാക്കി.

ക്യൂബന്‍ വിപ്ലവസര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് 2003ല്‍ സപാറ്റയെ ജയിലിലടച്ചത്. മൂന്നു വര്‍ഷത്തെ തടവുശിക്ഷ പിന്നീട് 25 വര്‍ഷത്തേക്കു നീട്ടുകയാണുണ്ടായത്. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ സാപാറ്റയെ രാഷ്ട്രീയത്തടവുകാരനായി പ്രഖ്യാപിച്ചിരുന്നെങ്കിലും ക്യൂബന്‍ അധികൃതര്‍ ഇത് അംഗീകരിച്ചിരുന്നില്ല.

രാഷ്ട്രീയത്തടവുകാരന്റെ പരിഗണന നല്കണമെന്നാവശ്യപ്പെട്ടാണ് ഒര്‍ലാന്റോ സാപാറ്റ നിരാഹാരസമരം നടത്തിയത്. ഹവാനയ്ക്കടുത്തുള്ള അമെജീറാസ് ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് തിങ്കളാഴ്ച അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

അതേസമയം റൗള്‍ കാസ്‌ട്രോ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ആരേയും വേദനിപ്പിക്കുകയെന്നത് സര്‍ക്കാറിന്റെ നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
1972 ന് ശേഷം കസ്റ്റഡിയില്‍ വെച്ച് മരണപ്പെടുന്ന ഏക രാഷ്ട്രീയത്തടവുകാരനാണ് ഒര്‍ലാന്റോ സാപാറ്റ.