ബംഗാള്‍: സി.പി.ഐ.എമ്മിനെ തകര്‍ക്കാന്‍ താനോ, മറ്റുള്ളവരോ വിദേശരാജ്യങ്ങളുടെ കൂട്ടുപിടിച്ചിട്ടില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. അലിമുഡ് സ്ട്രീറ്റിലെ സി.പി.ഐ.എം ഓഫീസ് യു.എസ് ഉദ്യോഗ്‌സഥര്‍ സ്ഥിരമായി സന്ദര്‍ശിക്കാറുണ്ടെന്നും ഒരു ചാനലുമായുള്ള അഭിമുഖത്തിനിടെ മമത ആരോപിച്ചു.

ബംഗാളില്‍ നിന്നും സി.പി.ഐ.എമ്മിനെ പിഴുതെറിയാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിദേശരാജ്യങ്ങളെ കൂട്ടുപിടുക്കുന്നു എന്ന മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മമത.

‘ഞാന്‍ സര്‍ക്കാരിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ എനിക്കെല്ലാം അറിയാം. ആണവകരാറുമായി ബന്ധപ്പെട്ട് ആരൊക്കെയാണ് പണം വാങ്ങിയതെന്നും വിദേശ രാജ്യങ്ങളില്‍ ആര്‍ക്കൊക്കെ നിക്ഷേപങ്ങളുണ്ടെന്നും നന്നായി അറിയാം. എന്നെ ചതിക്കാനാരും ശ്രമിക്കണ്ട. അങ്ങനെയുണ്ടായാല്‍ ഞാന്‍ എല്ലാകാര്യവും വെളിപ്പെടുത്തും.’- മമത പറഞ്ഞു.

സര്‍ക്കാരിന്റെ ഭാഗമെന്ന നിലയില്‍ തനിക്ക് ചില പരിമിതികളുണ്ടെന്നും അതുകൊണ്ടാണ് ഇപ്പോള്‍ താനിതൊന്നും പുറത്തുപറയാത്തതെന്നും മമത വ്യക്തമാക്കി.