എഡിറ്റര്‍
എഡിറ്റര്‍
മോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയായാല്‍ വിസ നല്‍കാം: യു.എസ്
എഡിറ്റര്‍
Saturday 8th March 2014 8:27pm

narendra-modi

ന്യൂദല്‍ഹി: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത്  മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി ഇന്ത്യന്‍ പ്രധാനമന്ത്രി ആയാല്‍ അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള സന്ദര്‍ശന വിലക്ക് നീക്കുമെന്ന് അമേരിക്ക.

ഇന്ത്യ സന്ദര്‍ശിക്കുന്ന യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി നിഷ ദേശായി ബിസ്വാലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയില്‍ നിന്നുള്ള എല്ലാ പ്രധാനമന്ത്രിമാരെയും സ്വാഗതം ചെയ്്ത പാരമ്പര്യമാണ് യു.എസിനുള്ളതെന്നും ഇന്ത്യയില്‍ നിന്നും ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഏതൊരു നേതാവിന്റെ പങ്കാളിത്തവും അമേരിക്ക സ്വാഗതം ചെയ്യുമെന്നും ബിസ്വാല്‍ അറിയിച്ചു.

മോഡിക്ക് വിസ നല്‍കുമെന്നത് അമേരിക്കയുടെ വിസ പോളിസിയുടെ മാറ്റമായി കാണേണ്ടതില്ലെന്നും ബിസ്വാല്‍ ഓര്‍മിപ്പിച്ചു. അപേക്ഷിക്കുന്ന സമയത്തുള്ള അപേക്ഷകന്റെ വിവരങ്ങളാണ് വിസ നല്‍കുന്നതിനുള്ള മാനദണ്ഡം.

ദേവയാനി കോബ്രഗഡെ പ്രശ്‌നത്തിന് ശേഷം ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലെ ബന്ധത്തിലെ ഉലച്ചിലുകള്‍ പരിഹരിക്കുന്നതിനായി ഇന്ത്യ സന്ദര്‍ശനത്തിനെത്തിയതാണ് നിഷ ദേശായി ബിസ്വാല്‍.

അമേരിക്കന്‍ അംബാസിഡര്‍ നാന്‍സി പവല്‍ കഴിഞ്ഞ മാസം മോഡിയെ സന്ദര്‍ശിച്ചിരുന്നു.

ഗുജറാത്തില്‍ മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്നിട്ടും മോഡിക്ക് ഒമ്പത് വര്‍ഷമായി അമേരിക്ക വിസ നല്‍കിയിരുന്നില്ല. ഗുജറാത്ത് കൂട്ടക്കൊലയുടെ പേരിലാണ് അമേരിക്ക മോഡിയ്ക്ക് ഇതുവരെ വിസ നിഷേധിച്ചിരുന്നത്.

Advertisement