എഡിറ്റര്‍
എഡിറ്റര്‍
യു.എസിന്റെ മിസൈല്‍ സംവിധാനം ചൈനയെ ലക്ഷ്യം വെച്ചല്ല: വൈറ്റ് ഹൗസ്
എഡിറ്റര്‍
Wednesday 19th September 2012 12:50am

വാഷിങ്ടണ്‍: ഏഷ്യയിലെ അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനം ചൈനയെ ലക്ഷ്യം വെച്ചുള്ളതല്ലെന്ന് വൈറ്റ് ഹൗസ്. അമേരിക്കയുടെ മിസൈല്‍ പ്രതിരോധം സംവിധാനങ്ങളൊന്നും ഏതെങ്കിലും രാജ്യത്തിന് ഭീഷണിയായിട്ടുള്ളതോ ഏതെങ്കിലും രാജ്യത്തെ ലക്ഷ്യംവെച്ചുകൊണ്ടുള്ളതോ അല്ലെന്നും വൈറ്റ് ഹൗസ് അറിയിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെ കാര്‍ണി വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Ads By Google

ഏഷ്യയില്‍ അമേരിക്ക ഒരുക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനം തങ്ങളെ ലക്ഷ്യം വച്ചുള്ളതാണെന്ന് ചൈന കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ചൈനയെ തകര്‍ക്കുകയെന്ന ലക്ഷ്യമാണ് യു.എസിന്റെ പ്രതിരോധ മിസൈല്‍ സംവിധാനത്തിന് പിന്നിലെന്നും ഇതിനെതിരെ പ്രതികരിക്കുമെന്നും ചൈന വ്യക്തമാക്കിയിരുന്നു.

എന്നാല്‍ വടക്കന്‍ കൊറിയയുടെ ആക്രമണ ഭീഷണിയെ തുടര്‍ന്നാണ് ഏഷ്യയില്‍ മിസൈല്‍ പ്രതിരോധ സംവിധാനത്തിന് യു.എസ് നീക്കം നടത്തിയതെന്നും അത് ഒരിക്കലും ചൈനയെ ലക്ഷ്യമാക്കിയായിരുന്നില്ലെന്നും കാര്‍ണി പറഞ്ഞു.

ചൈനയുമായി അമേരിക്ക നല്ല ബന്ധത്തിനാണ് ശ്രമിക്കുന്നത്. ചൈനയുമായുള്ള ബന്ധത്തിലൂടെ അമേരിക്കന്‍ ജനതയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയെന്നതാണ് ഒബാമ ഭരണകൂടത്തിന്റെ ലക്ഷ്യം. ഇതിനായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താന്‍ അമേരിക്ക തയാറാണ്. ഒരു രാജ്യത്തെയും മിസൈല്‍ പ്രതിരോധ സംവിധാനം വഴി ലക്ഷ്യമിടാന്‍ അമേരിക്ക ശ്രമിച്ചിട്ടില്ല.

അതേസമയം ദ്വീപ് പ്രശ്‌നത്തില്‍ ചൈനയില്‍ ജപ്പാന്‍ പൗരന്‍മാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ വൈറ്റ് ഹൗസ് ആശങ്ക രേഖപ്പെടുത്തി.

അമേരിക്കന്‍ പ്രസിഡന്റായി ബറാക്ക് ഒബാമ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ തന്നെയാകും ശ്രമിക്കുകയെന്നും കാര്‍ണി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Advertisement