ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ യു എസ് സൈന്യം നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്കു പരുക്കേറ്റു.

ഉത്തര വസീറിസ്ഥാന്‍ മേഖലയില്‍ പൈലറ്റില്ലാത്ത ചെറുവിമാനം ഉപയോഗിച്ചു യു എസ് സേന രണ്ടു തവണ മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു. അലോറ മാന്‍ഡി മേഖലയിലും സന്‍സേല മേഖലയിലുമായിരുന്നു ആക്രമണങ്ങള്‍. ആദ്യ ആക്രമണത്തില്‍ അഞ്ചു പേരും രണ്ടാമത്തേതില്‍ മൂന്നു പേരും മരിച്ചു.

പാക്കിസ്ഥാന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റം ഇനിയും ആവര്‍ത്തിക്കരുതെന്ന് പാക്ക് സര്‍ക്കാര്‍ നിരവധി തവണ യു എസിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പാക്കിസ്ഥാനിലെ ഗോത്രമേഖലകളില്‍ അല്‍ ഖായിദയുടെയും താലിബാന്റെയും നേതാക്കളെ ലക്ഷ്യമിട്ട് യു എസിന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുകയാണ്.