ട്രിപ്പോളി: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളി ലക്ഷ്യമിട്ട് സഖ്യസേന വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കി. പ്രസിഡന്റ് കേണല്‍ ഗദ്ദാഫിയുടെ സേനകേന്ദ്രം ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നതായി ബി.ബി.സി റിപ്പോര്‍ട്ടു ചെയ്യുന്നു. അതിനിടെ ഗദ്ദാഫിയുടെ അനുയായികളും റിബല്‍ പ്രവര്‍ത്തകരും തമ്മിലുള്ള തെരുവുയുദ്ധവും രൂക്ഷമായി തുടരുകയാണ്.

അതിനിടെ ലിബിയക്കെതിരായ വ്യോമാക്രമണത്തിന്റെ നേതൃത്വം ദിവസങ്ങള്‍ക്കുള്ളില്‍ ഏറ്റെടുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കിയിട്ടുണ്ട്. സൈനികനടപടി കൂടുതല്‍ ശക്തമാക്കുകയാണെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്നും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സ് പറഞ്ഞു.

ബുസെറ്റയിലെ നാവികകേന്ദ്രവും തലസ്ഥാന നഗരമായ ട്രിപ്പോളിയും സഖ്യസേനയുടെ വ്യോമാക്രമണങ്ങളാല്‍ പ്രകമ്പനം കൊള്ളുകയാണെന്ന് ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് കേണല്‍ ഗദ്ദാഫിയുടെ വക്താവ് മൂസ ഇബ്രാഹിം പറഞ്ഞു.

അതിനിടെ സഖ്യസേനയുടെ ആക്രമണങ്ങള്‍ക്കെതിരേ വിവിധ രാഷ്ട്രങ്ങള്‍ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിലെ ആക്രമണങ്ങള്‍ സാധാരണക്കാര്‍ക്ക് കൂടുതല്‍ ദുരിതം തീര്‍ക്കുന്നുണ്ടെന്ന് അറബ് ലീഗ് പ്രതിനിധി പറഞ്ഞു. ലിബിയക്കെതിരായ വ്യോമ ഉപരോധത്തിനുള്ള പ്രമേയത്തില്‍ വോട്ടുചെയ്യാതിരുന്ന ഇന്ത്യ അക്രമങ്ങളെ നേരത്തേ അപലപിച്ചിട്ടുണ്ട്.