ന്യൂയോര്‍ക്ക്: സൗദി അറേബ്യയിലേക്കു പോകുന്ന യു.എസ് പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. സൗദിയ്ക്കുനേരെ തീവ്രവാദ ആക്രമണ ഭീഷണിയുണ്ടെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്നറിയിപ്പ്.

‘സൗദി അറേബ്യയ്‌ക്കെതിരെ തുടര്‍ച്ചയായ തീവ്രവാദി ആക്രമണ ഭീഷണിയും ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ഭീഷണിയും ഉയരുന്നതിനാല്‍ സൗദിയിലേക്കുള്ള യാത്ര യു.എസ് പൗരന്മാര്‍ അപകടകരമായി കണക്കാക്കണം’ എന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ മുന്നറിയിപ്പ്.

സൗദിയുടെ പ്രധാന നഗരങ്ങളായ റിയാദ്, ജിദ്ദ, ദഹ്രം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ തീവ്രവാദ ഭീഷണി നില്‍ക്കുന്നുണ്ട്. യാതൊരു മുന്നറിയിപ്പുമില്ലാതെ രാജ്യത്ത് എവിടെയും ആക്രമണം നടക്കാം.


Must Read: മെര്‍സലും പത്മാവതിയും വിവാദമാക്കിയവര്‍ മുക്കി കളഞ്ഞ ഏഴ് പ്രധാനവാര്‍ത്തകള്‍


ഐ.എസ്.ഐ.എസ് പോലുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ സൗദിയേയും പാശ്ചാത്യ സര്‍ക്കാറുകള്‍ക്ക് താല്‍പര്യമുള്ളവരെയും ലക്ഷ്യമിട്ടേക്കാം. പള്ളികള്‍, മതപരമായ കേന്ദ്രങ്ങള്‍, യു.എസിലെയും മറ്റു പാശ്ചാത്യ രാജ്യങ്ങളിലെയും ആളുകള്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കാനിടയുള്ള കേന്ദ്രങ്ങള്‍ എന്നിവ ഇവര്‍ ലക്ഷ്യമിട്ടേക്കാമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

സൗദി സര്‍ക്കാറിന്റെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിജയം കാണുകയും ഒട്ടേറെ ഐസിസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയോ അറസ്റ്റു ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. ജൂണ്‍ 23ന് മക്കയിലെ വിശുദ്ധ പള്ളിയ്ക്കുനേരെ നടക്കാനിരുന്ന ആക്രമണം തടയാന്‍ കഴിഞ്ഞതായും സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സൂചിപ്പിക്കുന്നു.