വാഷിങ്ടണ്‍: ഇന്ത്യയില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്നു യുഎസ്. ഇന്ത്യയില്‍ താമസിക്കുന്നവരും ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നവരും ആയ അമേരിക്കന്‍ പൗരന്‍മാര്‍ ജാഗ്രത പാലിക്കണമെന്നു യുഎസ് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇന്ത്യയിലെ സര്‍ക്കാര്‍ വൃത്തങ്ങളും മാധ്യമറിപ്പോര്‍ട്ടുകളും ദീപാവലിയോട് അനുബന്ധിച്ച് അവിടെ ഭീകരാക്രമണത്തിനു സാധ്യതയുള്ളതായി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും യുഎസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

‘ഇന്ത്യന്‍ ഗവണ്‍മെന്റില്‍ നിന്ന് ലഭിച്ച പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും പ്രാദേശിക മാധ്യമറിപ്പോര്‍ട്ടില്‍ നിന്നും ഇന്ത്യയില്‍ തീവ്രവാദ ആക്രമണത്തിന് പദ്ധതിയിടുന്നതായി വ്യക്തമായിട്ടുണ്ട്.’ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയിലെ തന്ത്രപ്രധാനമേഖലകള്‍ സന്ദര്‍ശിക്കുമ്പോള്‍ യുഎസ് പൗരന്‍മാര്‍ പ്രത്യേകം സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മാര്‍ക്കറ്റുകള്‍, ട്രെയിനുകള്‍, ബസ്, മതപരമായ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ എന്നിവയ്ക്കുനേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.