ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയെ പ്രോത്സാഹിപ്പിക്കണമെന്ന് അമേരിക്കന്‍ ഭരണകൂടത്തിന് നയതന്ത്രജ്ഞര്‍ നിര്‍ദേശം നല്‍കിയതായി വിക്കിലീക്ക്‌സ്. ദ ഹിന്ദു പത്രം പുറത്തുവിട്ട വിക്കിലീക്ക്‌സ് രേഖകളിലാണ് ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്.

കല്‍ക്കത്ത സ്ഥാനപതി അമേരിക്കയിലേക്കയച്ച കേബിളില്‍ ‘തൃണമൂലിന്റെ മമതാ ബാനര്‍ജി: പ്രതിപക്ഷ നേതാവില്‍ നിന്നും പശ്ചിമബംഗാളിന്റെ ഭാവി മുഖ്യമന്ത്രിയായി’ എന്ന തലവാചകത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.

Subscribe Us:

സംസാരത്തിലൂടെ ജനങ്ങളെ സ്വാധീനിക്കാനുള്ള മമതയുടെ കഴിവും, അമേരിക്കയോട് എതിര്‍പ്പില്ലായ്മയും മമത നയിക്കുന്ന ബംഗാള്‍ സര്‍ക്കാര്‍ യു.എസുമായി അടുപ്പത്തിലായിരിക്കുമെന്ന സൂചനയാണ് നല്‍കുന്നതെന്ന് 2009 ഒക്ടോബര്‍ 20ന് കല്‍ക്കത്ത സ്ഥാനപതി കൗണ്‍സില്‍ ജനറല്‍ ബെത്ത്.എ.പെയ്‌നിന് അയച്ച രേഖകളില്‍ പറയുന്നു. മമതാ ബാനര്‍ജിയെ പ്രോത്സാഹിപ്പിക്കുന്നത് തുടരണമെന്നും ഇപ്പോഴുള്ള റെയില്‍വേ മന്ത്രിസ്ഥാനത്തു നിന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിവരെയായി അവര്‍ ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

മമതാ ബാനര്‍ജി ബംഗാള്‍ മുഖ്യമന്ത്രിയാവുകയാണെങ്കില്‍ ഇപ്പോഴത്തെ സി.പി.ഐ.എം സര്‍ക്കാരില്‍ നിന്നും വ്യത്യസ്തമായി അമേരിക്കയോട് മൃദുസമീപനം സ്വീകരിക്കുമെന്ന പ്രതീക്ഷയുണ്ട്. പുറമേ നിന്നുള്ള ഉപദേശങ്ങള്‍ അവര്‍ സ്വീകരിക്കും. 2009ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ പശ്ചിമ ബംഗാളിലെ പ്രാദേശിക പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ വന്‍തോതില്‍ വളര്‍ന്നെന്നും അതിനാല്‍ അതിന്റെ നേതാവ് മമതാ ബാനര്‍ജിക്ക് ഭാവിയില്‍ ബംഗാള്‍ മുഖ്യമന്ത്രി വരെ ആകാന്‍ കഴിയും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ നേട്ടത്തിനുവേണ്ടി റയില്‍വേ മന്ത്രി, എതിര്‍പാര്‍ട്ടി നേതാവ്, എന്നീ സ്ഥാനങ്ങള്‍ക്കൊപ്പം വ്യക്തിപരമായ ബന്ധങ്ങളും മമത പ്രയോജപ്പെടുത്തുന്നുണ്ട്. മമതയെ പിന്തുണയ്ക്കുന്നവര്‍ക്കും വിമര്‍ശിക്കുന്നവര്‍ക്കും ഇക്കാര്യം അംഗീകരിക്കുന്നുണ്ടെന്നും വിക്കീലീക്ക്‌സ് രേഖകളില്‍ പറയുന്നു.

ഇപ്പോഴത്തെ നിലയില്‍ പോകുകയാണെങ്കില്‍ 2011ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിനു കഴിയും. വ്യാവസായികമേഖലയോടും ബിസിനസ് രംഗത്തോടുമുള്ള മമതയുടെ പ്രതിപത്തി കൊല്‍ക്കത്ത സ്ഥാനപതിയില്‍ മതിപ്പുളവാക്കിയിട്ടുണ്ട്.