Categories

Headlines

ലിബിയയില്‍ സഖ്യസേനയുടെ ആക്രമണം ശക്തം; 64മരണം

ന്യൂയോര്‍ക്ക്: പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്ന ജനങ്ങള്‍ക്കുനേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശം കേണല്‍ ഗദ്ദാഫി തള്ളിയതിനെ തുടര്‍ന്ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന ലിബിയയില്‍ വ്യോമാക്രമണം തുടങ്ങി. ആക്രമണത്തില്‍ 64പേര്‍ മരിച്ചു. 150ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഫ്രഞ്ച് യുദ്ധവിമാനങ്ങളാണ് ലിബിയന്‍ സൈനികടാങ്കുകള്‍ക്കു നേരെ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്.

അതിനിടെ, പ്രതികാര നടപടിയായി ഗദ്ദാഫി സൈന്യം രാസായുധം പ്രയോഗിച്ചേക്കുമെന്ന് ലിബിയന്‍ പ്രതിപക്ഷം ആശങ്ക പ്രകടിപ്പിച്ചു. ഗദ്ദാഫിയുടെ കൊട്ടാരവും അന്താരാഷ്ട്ര വിമാനത്താവളവും സംരക്ഷിക്കാന്‍ അദ്ദേഹത്തിന്റെ അനുയായികളുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. ലിബിയയില്‍ പാശ്ചാത്യശക്തികള്‍ നടത്തിയ ആക്രമണത്തെ ഇന്ത്യ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ വിശാലചര്‍ച്ചയാണ് വേണ്ടതെന്ന് അവര്‍ നിര്‍ദേശിച്ചു.

2003ലെ ഇറാഖിലെ യു.എസ് അധിനിവേശത്തിനുശേഷം സഖ്യസേന നടത്തുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്. ഞാറാഴ്ച മുതലാണ് ആക്രമണം തുടങ്ങിയത്.

ലിബിയക്കെതിരേ വ്യോമഉപരോധം ഏര്‍പ്പെടുത്തുന്ന പ്രമേയം കഴിഞ്ഞദിവസം യു.എന്‍ സുരക്ഷാസമിതി പാസാക്കിയിരുന്നു. യു.എന്‍ നിര്‍ദേശം നടപ്പാക്കിയില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് അമേരിക്ക നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ യു.എന്‍ മുന്നറിയിപ്പ് വകവെക്കാതെ ഗദ്ദാഫിയുടെ സൈന്യം പ്രക്ഷോഭകാരികള്‍ക്കു നേരെ ആക്രമണം നടത്തുകയായിരുന്നു.

ബ്രിട്ടന്റേയും അമേരിക്കയുടേയും ഫൈറ്റര്‍ വിമാനങ്ങളും ആക്രമണത്തില്‍ പങ്കെടുക്കുന്നുണ്ട്. അതിനിടെ ലിബിയയിലെ ജനങ്ങള്‍ക്കുനേരെയുള്ള ആക്രണത്തെ കൈയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് ബ്രസീലില്‍ സന്ദര്‍ശനം നടത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.

എന്നാല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ആക്രമണങ്ങളെ ചെറുക്കുമെന്ന് കേണല്‍ ഗദ്ദാഫി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ ആയുധപുര തുറന്നിട്ടിട്ടുണ്ടെന്നും ജനങ്ങള്‍ ആയുധമേന്തി ലിബിയയക്കുവേണ്ടി പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.