എഡിറ്റര്‍
എഡിറ്റര്‍
‘ധനക്കെണി’ ഒഴിവായി ; യു.എസ് പ്രതിനിധി സഭയിലും ബില്ലിന് അംഗീകാരം
എഡിറ്റര്‍
Wednesday 2nd January 2013 12:31pm

വാഷിങ്ടണ്‍: സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചിലവ് ചുരുക്കല്‍ നയത്തിന് യു.എസ് പ്രതിനിധി സഭയിലും അംഗീകാരം. ഇതോടെ ‘ധനക്കെണി’ എന്ന് സാമ്പത്തിക വിദഗ്ധര്‍ വിശേഷിപ്പിച്ച സാമ്പത്തിക ദുരന്തത്തില്‍ നിന്ന് യു.എസ് രക്ഷപ്പെട്ടു.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചിലവ് ചുരക്കല്‍ നയത്തിന് കഴിഞ്ഞ ദിവസം യു.എസ് സെനറ്റ് അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജനപ്രതിനിധി സഭയും ബില്‍ അംഗീകരിച്ചത്.

Ads By Google

ഏറെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ഭരണപക്ഷമായ ഡെമോക്രാക്റ്റിക്കും പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും അനുരഞ്ജനത്തിലെത്തിയത്.  ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ അടങ്ങിയ ബില്‍ 167 നെതിരെ 257 വോട്ടുകള്‍ക്ക് ജനപ്രതിനിധി സഭ പാസാക്കി.

ഇനി പ്രസിഡന്റ് ബരാക് ഒബാമയുടെ അംഗീകാരം ലഭിക്കുന്നതോടെ ബില്‍ നിലവില്‍ വരും.

മുന്‍പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ കാലത്ത് നടപ്പാക്കിയ വ്യാപകമായ നികുതിയിളവുകളുടെ കാലാവധി ഡിസംബര്‍ 31 ന് അവസാനിച്ചതോടെയാണ് സാമ്പത്തിക വിദഗ്ധര്‍ വിശേഷിപ്പിച്ച ‘ധനക്കെണി’ (ഫിസ്‌കല്‍ ക്ലിഫ്) യിലേക്ക് രാജ്യം എത്തിയത്.

ഡിസംബര്‍ 31 ന് തന്നെയായിരുന്നു രാജ്യത്ത് വിപുലമായ ചെലവുചുരുക്കല്‍ നടപടികള്‍ നടപ്പാക്കിത്തുടങ്ങേണ്ടതും. 2011 ല്‍ യു.എസ്. കോണ്‍ഗ്രസ് പാസ്സാക്കിയ ബജറ്റ് നിയന്ത്രണനിയമമാണ് ചെലവുചുരുക്കലിന് ശുപാര്‍ശ ചെയ്യുന്നത്.

നികുതിയിളവുകള്‍ ഇല്ലാതാവുകയും ചെലവുചുരുക്കല്‍ പ്രാബല്യത്തിലാവുകയും ചെയ്താല്‍ രാജ്യം വീണ്ടും സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കടുത്ത അഭിപ്രായ ഭിന്നതകള്‍ക്കൊടുവിലാണ് പുതിയ ബില്‍ പാസായത്. ഇതോടെ അമേരിക്ക ഭയന്നിരുന്ന വലിയ സാമ്പത്തിക ദുരന്തം ഒഴിവായി.

സാധാരണക്കാര്‍ക്കും മധ്യവര്‍ഗത്തിനുമുള്ള നികുതിയിളവുകള്‍ തുടരണമെന്നും അതിസമ്പന്നര്‍ക്ക് ഇളവുവേണ്ടെന്നുമുള്ള നിലപാടിലായിരുന്നു പ്രസിഡന്റ് ബറാക് ഒബാമ. എന്നാല്‍, സമ്പന്നര്‍ക്ക് അനുകൂലമായ സമീപനമായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടേത്.

നാലുലക്ഷം ഡോളര്‍വരെ സമ്പാദ്യമുള്ള അമേരിക്കകാര്‍ക്ക് നികുതിയിളവുകള്‍ തുടരാമെന്നാണ് ബില്ലില്‍ പറയുന്നത്. പത്തുവര്‍ഷത്തിനുള്ളില്‍ 1.2 ലക്ഷം കോടി ഡോളറിന്റെ ചെലവുചുരുക്കല്‍ പദ്ധതിക്കാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

ചെലവുചുരുക്കല്‍നടപടികള്‍ നടപ്പാക്കുന്നത് രണ്ടു മാസത്തേക്ക് നിര്‍ത്തിവെക്കാനുള്ള തീരുമാനമാണ് പാക്കേജിലെ മറ്റൊരു ഇനം. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരാനും ധാരണയായി.

അതേസമയം, പെട്ടന്നുള്ള നികുതി വര്‍ദ്ധനവും ചെലവുചുരുക്കലും അമേരിക്കയെ വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിയിടുമെന്നും ചല സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Advertisement