ഇസ്ലാമാബാദ്: ഒസാമ കൊല്ലപ്പെട്ട സാഹചര്യത്തില്‍ പാക്കിസ്ഥാനിലെ അമേരിക്കന്‍ എംബസിയും കോണ്‍സുലേറ്റുകളും അടച്ചു. ഇസ്ലാമാബാദിലെ എംബസി ആസ്ഥാനവും കറാച്ചി, പെഷാവര്‍, ലാഹോര്‍ എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളുമാണ് അടച്ചതെന്ന് എംബസി വക്താവ് ആല്‍ബര്‍ട്ടോ റോഡ്രിക്‌സ് പറഞ്ഞു. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ അമേരിക്കന്‍ പൗരന്‍മാര്‍ക്കുമാത്രമേ പാക്കിസ്ഥാനിലെ സ്ഥാനപതി കാര്യാലയങ്ങളില്‍ പ്രവേശനമുണ്ടാകു. അമേരിക്കയിലുള്ള പാക്ക് പൗരന്മാര്‍ക്കു നല്‍കുന്ന വിസയും നിര്‍ത്തിവെച്ചിരിക്കുകയാണ്.

പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ അമേരിക്ക നടത്തിയ സൈനിക ആക്രമണത്തില്‍ അല്‍ഖയ്ദ നേതാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് യു.എസ്സിന്റെ മുന്‍കരുതല്‍. ലാദന്റെ മരണത്തെത്തുടര്‍ന്ന് അല്‍ഖയ്ദയുടെയും, താലിബാന്റെയും പ്രത്യാക്രമണത്തെ ഭയന്നാണ് അമേരിക്ക പാക്കിസ്ഥാനിലെ കാര്യാലങ്ങള്‍ അടച്ചത്. അമേരിക്കന്‍ പൗരന്മാര്‍ക്ക് അടിയന്തിര സഹായം ആവശ്യമുണ്ടങ്കില്‍ സ്ഥാനപതി കാര്യാലയങ്ങളെ സമീപിക്കാമെന്ന് വക്താവ് വ്യക്തമാക്കി.