ന്യൂയോര്‍ക്ക്: അമേരിക്കന്‍ കോണ്‍ഗ്രസിലേക്കു നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിട്ടിക്ക് മുന്‍തൂക്കം. ഫലങ്ങളനുസരിച്ച് 225 സീറ്റുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും 150 സീറ്റുകള്‍ ഡെമോക്രാറ്റുകള്‍ക്കും ലഭിച്ചിട്ടുണ്ട്. ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍സ് ഇതിനകം തന്നെ കേവലഭൂരിപക്ഷം നേടിക്കഴിഞ്ഞു. എന്നാല്‍ സെനറ്റില്‍ ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം നേടിയിട്ടുണ്ട്.

ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളിലേക്കും 39 സംസ്ഥാന ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. അതിനിടെ സൗത്ത് കരോലിനയിലെ ഗവര്‍ണറായി ഇന്ത്യന്‍ വംശജ നിക്കി ഹാലി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്പീക്കര്‍ നാന്‍സി പെലോസിക്ക് സ്ഥാനം നഷ്ടമായിട്ടുണ്ട്.

സൂര്യ യെലമാഞ്ചില്‍ (ഒഹായിയോ), മനന്‍ ത്രിവേദി(പെന്‍സില്‍വാനിയ), രാജ് ഗോയല്‍ (കന്‍സാസ), അമി ബേര(കാലിഫോര്‍ണിയ), രവി സാങ്‌സെട്ടി(ലൂസിയാന), അശ്വിന്‍ ലാഡ്(ഇല്ലിനോയ്ഡ്) എന്നീ ഇന്ത്യക്കാരും മല്‍സരിച്ചിരുന്നു. എന്നാല്‍ അശ്വിന്‍ ലാഡ് ഒഴികെയുള്ള എല്ലാവരും തോറ്റു.

പ്രസിഡന്റ് ബരാക് ഒബാമക്ക് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പു ഫലമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. സാമ്പത്തിക-ആരോഗ്യ-സാമൂഹ്യ മേഖലകളില്‍ ഒബാമ നടപ്പാക്കിയ പരിഷ്‌ക്കാരങ്ങള്‍ ജനങ്ങളെ സ്വാധീനിച്ചിട്ടില്ലെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.