ന്യൂദല്‍ഹി: സെനറ്റിലേക്കും ജനപ്രതിനിധി സഭയിലേക്കും നടന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങളെ ബാധിക്കില്ലെന്ന് വിദേശകാര്യസെക്രട്ടറി നിരുപമ റാവു വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ ഒബാമയുടെ നേതൃത്വത്തിലുള്ള ഡമോക്രാറ്റുകള്‍ക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു.

അമേരിക്കയിലെ ആഭ്യന്തരകാര്യങ്ങള്‍ ഇരുരാജ്യങ്ങളുടേയും വ്യാപാര-വ്യവസായ ബന്ധങ്ങളെ ബാധിക്കില്ല. പ്രസിഡന്റ് ഒബാമയുടെ കന്നി ഇന്ത്യാസന്ദര്‍ശനത്തെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി എന്നീ മേഖലകളിലെ സുപ്രധാന കരാറുകളിലും ഒബാമയുടെ സന്ദര്‍ശന സമയത്ത് ഒപ്പുവയ്ക്കാനാകുമെന്ന് നിരുപമ റാവു പ്രതീക്ഷ പ്രകടിപ്പിച്ചു.

വിദേശനയം, വിസപ്രശ്‌നം, ആണവനിയന്ത്രണം എന്നീ സുപ്രധാനവിഷയങ്ങളില്‍ പ്രധാനമന്ത്രിയും ബരാക് ഒബാമയും ചര്‍ച്ച നടത്തും. ഇന്ത്യയിലേക്കുള്ള മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് ബരാക് ഒബാമ ഇന്ന് പുറപ്പെടും.