എഡിറ്റര്‍
എഡിറ്റര്‍
താലിബാനുമായുള്ള ചര്‍ച്ചകളെ അമേരിക്ക തോല്‍പ്പിച്ചു: പാക്കിസ്ഥാന്‍ മന്ത്രി
എഡിറ്റര്‍
Saturday 2nd November 2013 11:58pm

hakkimullah-mehsud

ഇസ്ലാമാബാദ്: ഡ്രോണ്‍ ആക്രമണത്തിലൂടെ താലിബാന്‍ തലവനെ കൊലപ്പെടുത്തിയത് വഴി സമാധാനചര്‍ച്ചകള്‍ക്ക്  അമേരിക്ക തുരങ്കം വെച്ചെന്ന് പാക്കിസ്ഥാന്‍ ഇന്റീരിയര്‍ വകുപ്പ് മന്ത്രി.

‘വാഷിഗ്ടണുമായി പാക്കിസ്ഥാന്‍ സഹകരിക്കുന്നതിന്റെ എല്ലാ വശങ്ങളും പുന:പരിശോധിക്കും. രാജ്യത്തിന്റെ ഗോത്രവര്‍ഗക്കാര്‍ അധിവസിക്കുന്ന വടക്കുപടിഞ്ഞാറ് ഭാഗത്ത് ഡ്രോണ്‍ ആക്രമണം നടത്തി താലിബാന്‍ തലവന്‍ ഹക്കീമുള്ള നെഹ്‌സൂദിനെ കൊലപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇത് ആവശ്യമാണ്’ ചൗധരി നിസാര്‍ പറഞ്ഞു.

മതപണ്ഡിതര്‍ അടങ്ങുന്ന ഒരു സംഘം തെഹ്‌രിക്-ഇ-താലിബാന്‍ പാക്കിസ്ഥാന്റെ നേതാക്കളെ സന്ദര്‍ശിച്ച് സമാധാന ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കവെയാണ് ഹക്കീമുള്ള കൊല്ലപ്പെടുന്നത്.

‘പാക്കിസ്ഥാനില്‍ സമാധാനം സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനായി ഞങ്ങള്‍ കഴിഞ്ഞ ഏഴ് ആഴ്ചകളായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ അമേരിക്ക എന്താണ് ചെയ്തത്?’ അദ്ദേഹം ചോദിച്ചു.

‘ഔദ്യോഗിക ക്ഷണം നല്‍കാനായി മതനേതാക്കള്‍ മിറാന്‍ഷായിലേയ്ക്ക് പുറപ്പെടുന്നതിന് വെറും 18 മണിക്കൂര്‍ മുമ്പാണ് അമേരിക്ക എല്ലാം തകര്‍ത്തത്.’

ആറ് വര്‍ഷം മുമ്പ് രൂപീകരിച്ച പാക്കിസ്ഥാനി താലിബാന്റെ ആക്രമണപരമ്പരകളില്‍ ആയിരക്കണക്കിന് പൊതുജനങ്ങളും സുരക്ഷാഭടന്‍മാരും പട്ടാളക്കാരും പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയ മലാല യൂസഫ് സായിയ്ക്ക് നേരേ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഉണ്ടായ വധശ്രമത്തിന് പിന്നിലും ഇതേ സംഘടന തന്നെയായിരുന്നു.

ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ആരാണെന്ന കാര്യം പ്രസക്തമല്ലെന്ന് നിസാര്‍ പറയുന്നു. ‘ഏതെങ്കിലും വ്യക്തിയ്ക്ക് നേരെയുണ്ടായ ആക്രമണമായല്ല പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഇതിനെ കാണുന്നത്. ഇത് സമാധാനശ്രമങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണ്.’ അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ തങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് പാക്കിസ്ഥാന്‍ നേരത്തെയും കുറ്റപ്പടുത്തിയിരുന്നു.

Advertisement