ചിക്കാഗോ: മുംബൈ ഭീകരാക്രമണത്തില്‍ തഹാവൂര്‍ റാണ കുറ്റക്കാരനല്ലെന്ന് ചിക്കാഗോ കോടതി. അതേസമയം മറ്റുരണ്ടുകേസുകളിലും റാണ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട.

ലഷ്‌കര്‍ ഇ ത്വയ്ബയെ റാണ സഹായിച്ചതായും ഡാനിഷ് ദിനപത്രത്തിന്റെ ഓഫീസ് ആക്രമിച്ച കേസില്‍ റാണയ്ക്കു പങ്കുള്ളതായും കോടതി കണ്ടെത്തിയിട്ടുണ്ട്. മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനാണ് പത്രത്തിന്റെ ഓഫീസ് ആക്രമിക്കാന്‍ റാണയും ഹെഡ്‌ലിയും പദ്ധിതിയിട്ടത്.

15 മുതല്‍ 30 വര്‍ഷംവരെ തടവുലഭിക്കാവുന്ന കുറ്റമാണിത്. റാണയുടെ ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും.

മുംബൈ ആക്രമണത്തിന് സഹായങ്ങള്‍ ചെയ്തുകൊടുത്തതിന് തഹാവൂര്‍ റാണയ്‌ക്കെതിരെ അമേരിക്കന്‍ ഫെഡറല്‍ ജൂറി നേരത്തെ കുറ്റം ചുമത്തിയിരുന്നു. തീവ്രവാദികള്‍ക്ക് സാധനസാമഗ്രികള്‍ എത്തിച്ചതിലും ആക്രമണം ആസൂത്രണം ചെയ്തതിലും റാണയ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന് ജൂറി കണ്ടെത്തിയിരുന്നു.

മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്കൊപ്പം അമേരിക്കയില്‍വെച്ചാണ് റാണ അറസ്റ്റിലായത്. ഭീകരസംഘടനയായ ലഷ്‌കറുമായി റാണ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് നേരത്തെ തെളിഞ്ഞിരുന്നു.