ഹവായ്: എട്ട് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് അമേരിക്കയില്‍ യാത്രാവിലക്കേര്‍പ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് ഹവായ് കോടതി തടഞ്ഞു. ഹവായ് ജില്ലാ ജഡ്ജി ഡെറിക് വാട്‌സണാണ് ഉത്തരവ് നടപ്പിലാക്കുന്നത് തടഞ്ഞത്.

ഹവായ് സര്‍ക്കാരും കുടിയേറ്റക്കാരുടെ അഭിഭാഷകനും അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനുമാണ് ഹരജി സമര്‍പ്പിച്ചിരുന്നത്. വിവിധ സംസ്ഥാന കോടതികളും സര്‍ക്കാര്‍ നീക്കത്തിനെതിരെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Subscribe Us:

ഹവായ് ജില്ലാ ജഡ്ജി ഡെറിക് വാട്‌സണ്‍

ഉത്തരവ് നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. ഇറാന്‍, ലിബിയ, സിറിയ, യെമന്‍, സൊമാലിയ, ഛാഡ്, ഉത്തര കൊറിയ എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. നേരത്തെ കോടതി ഉത്തരവിനെ തുടര്‍ന്ന് ഭേദഗതി വരുത്തിയാണ് ഒക്ടോബര്‍ 18 മുതല്‍ വീണ്ടും നടപ്പിലാക്കാന്‍ ഒരുങ്ങിയത്.

2017 ജനുവരിയിലാണ് ട്രംപ് ഭരണകൂടം ആദ്യ യാത്രവിലക്ക് പ്രഖ്യാപിച്ചത്. പിന്നീട് മാര്‍ച്ചില്‍ പുതുക്കി വീണ്ടും ഉത്തരവ് ഇറക്കുകയായിരുന്നു. ഇനി ഉത്തരവ് നടപ്പിലാക്കണമെങ്കില്‍ സര്‍ക്കാരിന് സുപ്രീംകോടതിയെ സമീപിക്കേണ്ടി വരും.