ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ എഴുത്തുകാര്‍ക്കെതിരെ ഉണ്ടാവുന്ന അതിക്രമങ്ങളില്‍ ഉത്കണ്ഠ രേഖപ്പെടുത്തി അമേരിക്കന്‍ പാര്‍ലമെന്റ്. ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകങ്ങളും ദളിത് എഴുത്തുകാരനായ കാഞ്ച ഐലയ്യക്ക് നേരെയുണ്ടായ ആക്രമണവും പരാമര്‍ശിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധിയായ ഹരോള്‍ഡ് ട്രെന്‍ഡ് ഫ്രാങ്ക്‌സാണ് സംസാരിച്ചത്.

അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ ജനാധിപത്യ വിരുദ്ധത തുറന്നു കാട്ടിയതിനാണ് സ്വന്തം വീടിന് മുന്നില്‍വെച്ച് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. പന്‍സാരെ, കല്‍ബുര്‍ഗി, ധബോല്‍ക്കര്‍ എന്നിവരെല്ലാം കൊല്ലപ്പെട്ട സമാനസാഹചര്യത്തിലാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്നും ഫ്രാങ്ക്‌സ് പറഞ്ഞു.


Read more:  കേരളത്തിലെ സി.പി.ഐ.എം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ


കാഞ്ച ഐലയ്യക്ക് നേരെ ആക്രമണമുണ്ടായത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണെന്നും ജീവന് ഭീഷണി ഉണ്ടായതിനാല്‍ അദ്ദേഹം ഇപ്പോള്‍ സ്വയം വീട്ടു തടങ്കലിലാണെന്നും ഹാരോള്‍ഡ് ട്രെന്‍ഡ് ഫ്രാങ്ക്‌സ് പറഞ്ഞു.

കാഞ്ച ഐലയ്യയ്‌ക്കെതിരായ വധഭീഷണിയില്‍ അമേരിക്കയ്ക്കും ആഗോള സമൂഹത്തിനും കടുത്ത ഉത്കണ്ഠയുണ്ട്. കാഞ്ച ഐലയ്യയുടെയും അദ്ദേഹത്തെപ്പോലുള്ളവരുടെയും സുരക്ഷയൊരുക്കുകയാണ് ഇന്ത്യ ആദ്യം ചെയ്യേണ്ടതെന്നും ഹാരോള്‍ഡ് ട്രെന്‍ഡ് പറഞ്ഞു.

ലോകമെമ്പാടും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണെന്നും ഇന്റര്‍നെറ്റില്‍ സ്വന്തം അഭിപ്രായം രേഖപ്പെടുത്തുകയോ മറ്റാരുടെയെങ്കിലും അഭിപ്രായം പങ്കുവെക്കുന്നതോ പോലും ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണമാകുകയാണെന്നും ട്രെന്‍ഡ് പറഞ്ഞു.