യു.എസ്: ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിരയായ ശേഷം മരണമടഞ്ഞ യുവതിക്ക് ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കി യു.എസ് ആദരിക്കുന്നു.

മരണാനന്തരം നല്‍കുന്ന ഈ അവാര്‍ഡ് യു.എസിലെ പ്രഥമ വനിതയായ മിഷേല്‍ ഒബാമയും സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും വനിതാദിനമായ
വരുന്ന 8ാം തിയ്യതി പെണ്‍കുട്ടിയുടെ കുടുംബത്തിന് സമര്‍പ്പിക്കും. ഇന്നലെയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

Ads By Google

ഇന്ത്യയില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ ഇത്തരം ആക്രമണത്തിന് ഇരയാവുന്നതായും നീതിയ്ക്കായി പൊരുതുകയും ചെയ്യുന്നതായി യു.എസ് ഭരണകൂടം വിലയിരുത്തി.

സ്ത്രീകള്‍ക്കെതിരായി നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബന്ധമായിരിക്കണമെന്നും രാജ്യത്തിന്റെ യശസ്സിനും അഭിമാനത്തിനും കോട്ടം തട്ടുന്നതാണ് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഇത്തരം സംഭവങ്ങളെന്നും സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിലയിരുത്തി.

ലോകത്തെമ്പാടുമുള്ള 10 സ്ത്രീകള്‍ക്കാണ് യു.എസ് ഈ അവാര്‍ഡ് നല്‍കുന്നത്.

ദല്‍ഹയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ശേഷം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുമ്പോഴും പോലീസുകാര്‍ക്ക് തന്റെ മൊഴി നല്‍കാന്‍ പെണ്‍കുട്ടി ധൈര്യം കാണിച്ചിരുന്നു.

തന്നെ ദ്രോഹിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും അവര്‍ക്ക് ശിക്ഷ ലഭിക്കണമെന്നും പെണ്‍കുട്ടി അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു. അതിനാല്‍ തന്നെ കുറ്റവാളികള്‍ എല്ലാവര്‍ക്കും ശിക്ഷ ഉറപ്പാക്കാന്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ തയ്യാറാകണമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അഭിപ്രായപ്പെട്ടു.

ദല്‍ഹിയിലെ പെണ്‍കുട്ടി അവസാനനിമിഷം വരെ ചെറുത്ത് നില്‍പ്പ് നടത്തിയിരുന്നു. അത് ഇന്ത്യയിലെ എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാകണം. തങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും പ്രതികരിക്കാനും സ്ത്രീകള്‍ തയ്യാറാകണം.

ദല്‍ഹിയിലെ സംഭവത്തിന് ശേഷം സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയാനായി നിയമസംവിധാനത്തിലും മറ്റും മാറ്റം വരുത്താന്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ തയ്യാറായിട്ടുണ്ടെന്നും അത് ആശാവഹമായ കാര്യമാണെന്നും യു.എസ് അഭിപ്രായപ്പെട്ടു.