കെയ്‌റോ: ഭരണവിരുദ്ധപ്രക്ഷോഭം ശക്തമായി തുടരവേ സ്ഥാനമൊഴിയാന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്കിനോട് അമേരിക്ക ആവശ്യപ്പെട്ടതായി സൂചന. പുതിയ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റ ഒമര്‍ സുലൈമാനെ നേതൃസ്ഥാനത്ത് പ്രതിഷ്ഠിച്ചുള്ള അധികാരകൊമാറ്റക്കരാറിന് അമേരിക്കന്‍ ഭരണകൂടം രൂപം നല്‍കിയതായും സൂചയുണ്ട്.

അതിനിടെ അധികാരത്തില്‍ നിന്നും ഒഴിയേണ്ടതില്ല എന്ന നിലപാടില്‍ തുടരാന്‍ തന്നെയാണ് മുബാറക് തീരുമാനിച്ചിരിക്കുന്നത്. അധികാരത്തില്‍ നിന്നും പുറത്തുപോകാന്‍ തയ്യാറാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു.

പ്രസിഡന്റ് അധികാരം ഒഴിയണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമായി. പുതിയ സര്‍ക്കാറിന് അധികാരം കൈമാറണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് പ്രകടനം നടത്തിയിരുന്നു.

വൈസ്പ്രസിഡന്റിനു നേരെ വധശ്രമം
ഈജിപ്തിലെ വൈസ് പ്രസിഡന്റ് ഉമര്‍ സുലൈമാനെതിരെ വധശ്രമം. അപകടത്തില്‍ രണ്ട് സുരക്ഷാ ഉദ്യാഗസ്ഥര്‍ കൊല്ലപ്പെട്ടിട്ടുണ്ട് . മുബാറക് ഗവണ്‍മെന്റിനെതിരെയുള്ള ആഭ്യന്തര കലാപം ഈജിപ്തില്‍ ആളിപടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.