വാഷിംഗ്ടണ്‍: വിക്കിലീക്‌സ് തുറന്നുവിട്ട ഭൂതം ഇപ്പോഴും അമേരിക്കയെ വേട്ടയാടുന്നു. ഇനിയുമൊരു വെളിപ്പെടുത്തല്‍ അമേരിക്കയുടെ ലോകപോലീസ് ചമയലിനെ കാര്യമായി ബാധിക്കുമെന്ന് അവര്‍ക്ക് വ്യക്തമായിക്കഴിഞ്ഞു.

തങ്ങളുടെ സൈനികരഹസ്യങ്ങള്‍ ഇനി ചോര്‍ന്നുകൂടാ എന്ന തീരുമാനമാണ് അമേരിക്കന്‍ സൈന്യം കൈക്കൊണ്ടിരിക്കുന്നത്. ഇതിനായി തമ്പ് ഡ്രൈവ്, സിഡി, ഡിവിഡി എന്നിവയ്‌ക്കെല്ലാം നിരോധനം ഏര്‍പ്പെടുത്താനാണ് തീരുമാനം.

ഒരു കമ്പ്യൂട്ടറില്‍ നിന്നും മറ്റൊന്നിലേക്ക് വിവരങ്ങള്‍ മാറ്റാവുന്ന എല്ലാ സാങ്കേതിക ഉപകരണങ്ങളും നിരോധിക്കാനാണ് നീക്കം നടക്കുന്നത്. വിക്കിലീക്‌സിന് വിവരം ചോര്‍ത്തി നല്‍കിയത് അമേരിക്കന്‍ സൈനികനായ ബ്രാഡ്‌ലി മാനിംഗ് ആയിരുന്നു എന്നതും അമേരിക്കന്‍ സൈന്യത്തെ ഞെട്ടിച്ചിട്ടുണ്ട്.

‘ലേഡി ഗാഗ’ എന്നു പേരിട്ട സി ഡിയിലൂടെയായിരുന്നു മാനിംഗ് അമേരിക്കന്‍ സൈന്യത്തിന്റെ നിര്‍ണായക രേഖകള്‍ ചോര്‍ത്തിയത്. തുടര്‍ന്ന് ഇത് വിക്കിലീക്‌സിനു നല്‍കുകയായിരുന്നു.
ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന നിര്‍ബന്ധമാണ് അമേരിക്കയെ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ എലിയെ പേടിച്ച് ഇല്ലം ചുടേണ്ടതില്ല എന്നാണ് സൈനികര്‍ക്കിടയിലുള്ള അഭിപ്രായം. തമ്പ് ഡ്രൈവ് അടക്കമുള്ള ഉപകരണങ്ങള്‍ നിരോധിക്കുന്നതിനോട് അവര്‍ക്ക് യോജിപ്പില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.