വാഷിങ്ടണ്‍: യു.എസ് വ്യോമസേന രഹസ്യ ബഹിരാകാശ വിമാനം വിക്ഷേപിച്ചു. ഫ്‌ളോറിഡയിലെ കേപ് കനവറലില്‍ നിന്ന് അറ്റ്‌ലസ്- 5 റോക്കറ്റിലായിരുന്നു എക്‌സ് -37ബി വിമാനത്തിന്റെ വിക്ഷേപണം. എക്‌സ് -37ബി ക്ക് 4.5 മീറ്റര്‍ വീതിയും 8.9 മീറ്റര്‍ നീളവും 4,990 കിലോ ഭാരവുമുണ്ട്. ബാറ്ററിയും സോളാര്‍ സെല്ലുമുപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ വിക്ഷേപിക്കുന്ന രണ്ടാമത്തെ വിമാനമാണിത്.

ആദ്യവിമാനം 270 ദിവസത്തെ ദൗത്യത്തിന് ശേഷം ഡിസംബറില്‍ കാലിഫോര്‍ണിയയില്‍ തിരികെ ലാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പുതിയ ദൗത്യത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ യു.എസ് തയ്യാറായിട്ടില്ല.

ഉപഗ്രഹ സെന്‍സറുകളുടേയും മറ്റും ടെസ്റ്റ് പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിപ്പിക്കാനാണ് വിമാനം അയച്ചതെന്നാണ് യു.എസ് വ്യോമസേന നല്‍കുന്ന വിശദീകരണം. എന്നാല്‍ എക്‌സ് -37ബി യുടെ വിക്ഷേപണം ചാര പ്രവര്‍ത്തിക്കുവേണ്ടിയാണോ എന്നു സംശയമുണ്ട്.