വാഷിംങ്ടണ്‍:  പാക്കിസ്ഥാന് 200കോടി ഡോളര്‍ സൈനികസഹായം നല്‍കാന്‍ അമേരിക്ക തീരുമാനിച്ചു. യു.എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റെണും പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയും തമ്മില്‍ വാഷിങ്ടണില്‍ നടക്കുന്ന ചര്‍ച്ചയ്ക്കിടെ ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെക്കും. വെള്ളിയാഴ്ച വരെയാണ് ചര്‍ച്ച.
ഭീകരവിരുദ്ധയുദ്ധത്തിനു മാത്രമേ ഉപയോഗിക്കൂ എന്ന വ്യവസ്ഥയുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നുണ്ടെന്നുറപ്പു വരുത്താന്‍ സംവിധാനങ്ങളൊന്നും തന്നെവ്യവസ്ഥയിലില്ല.

അഞ്ചുവര്‍ഷത്തേക്കുള്ളതാണ് പുതിയ സൈനികസഹായം. സൈനികസഹായം ഭീകരവിരുദ്ധ യുദ്ധത്തില്‍ ഫലപ്രദമായ പങ്കുവഹിക്കാന്‍ പാക്കിസ്ഥാന് ഗുണകരമാകുമെന്നാണ് ഇതുസംബന്ധിച്ച് പെന്റെഗണ്‍ വക്താവ് ഡേവിഡ് ലപാന്‍ പറഞ്ഞത്. ഭീകരരെ നേരിടാന്‍ അമേരിക്കന്‍ നിര്‍മ്മിത ഹെലികോപ്റ്ററുകളും വാര്‍ത്താവിനിമയ ഉപകരണങ്ങളും വാങ്ങാനാവും പണം ഉപയോഗിക്കുകയെന്നാണ ‌സൂചന.

ഭീകരവിരുദ്ധയുദ്ധത്തിനെന്നും പറഞ്ഞ് പാക്കിസ്ഥാന്‍ വാങ്ങുന്ന ആയുധങ്ങള്‍ ഇന്ത്യക്കുനേരെ ഉപയോഗിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യ ഇത് പലതവണ അമേരിക്കയെ അറിയിച്ചതാണ്. ഇന്ത്യയുടെ ആശങ്ക പരിഹരിക്കാനെന്ന മട്ടിലാണ് സഹായത്തിന് ഉപാധി വെക്കുന്നത്.