Categories

കുഞ്ഞാറ്റ അച്ഛനൊപ്പം: കോടതിയില്‍ ഉര്‍വശി-മനോജ് വാക്കുതര്‍ക്കം

കൊച്ചി: ചലച്ചിത്ര നടി ഉര്‍വശിക്ക് മകള്‍ കുഞ്ഞാറ്റയെ കൂടുതല്‍ അവധി ദിനങ്ങളില്‍ വിട്ടുകൊടുത്തു കൊണ്ടുള്ള പഴയ ഉത്തരവ് ഏറണാകുളം കുടുംബകോടതി സ്‌റ്റേ ചെയ്തു. ഉര്‍വശിക്ക് അനുകൂലമായി നേരത്തെയുണ്ടായ ഉത്തരവിനെതിരെ മനോജ് കെ. ജയന്‍ നല്‍കിയ അപേക്ഷയിലാണ് തീരുമാനം.

നേരത്തെ ഓണം, ക്രിസ്മസ് അവധി ദിനങ്ങളിലും മധ്യവേനലവധിയിലെ 15 ദിവസവും മാസത്തിലെ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും കുട്ടിയെ അമ്മയ്ക്കു കൈമാറണമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി മനോജ് കോടതിയിലെത്തി. മുന്‍ ഉത്തരവിലെ എല്ലാ നിബന്ധനകളും താല്‍ക്കാലികമായി സ്‌റ്റേ ചെയ്താണ് കോടതി പുതിയ ഉത്തരവു പുറപ്പെടുവിച്ചത്. ഇതുപ്രകാരം ഉര്‍വശിക്ക് മകള്‍ക്കൊപ്പം കഴിയാനുള്ള അവസരം ഞായറാഴ്ചകളിലെ നാലുമണിക്കൂര്‍ മാത്രമായി.

രാവിലെ 11ന് കോടതി നടപടി ആരംഭിച്ചപ്പോള്‍ ഏറെ പ്രതീക്ഷ നിറഞ്ഞ മുഖഭാവമായിരുന്നു ഉര്‍വശിയുടേത്. എന്നാല്‍ കുഞ്ഞാറ്റയെ അമ്മയോടൊപ്പം പോകാന്‍ അനുവദിച്ച മുന്‍ ഉത്തരവ് സ്‌റ്റേ ചെയ്ത ജഡ്ജി എന്‍. ലീലാമണി അന്തിമ വിധി ഉണ്ടാകുന്നതുവരെ കുട്ടിയുടെ സംരക്ഷണ ചുമതല മനോജ് കെ. ജയനായിരിക്കുമെന്നു ഉത്തരവിട്ടു. തീര്‍പ്പു വന്നതോടെ കുട്ടിയെ ചൊല്ലി ഇരുവരും തമ്മില്‍ ചെറിയ തോതില്‍ കോടതി പരിസരത്തു വാക്കുതര്‍ക്കമായി. ഇരുവരുടെയും നടപടികളെ ജഡ്ജി തുറന്ന കോടതിയില്‍ വിമര്‍ശിച്ചു. രണ്ടുപേരുടെ ദുര്‍വാശിക്കുവേണ്ടി കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കാനാവില്ലെന്നാണു ജഡ്ജി പറഞ്ഞത്. തുടര്‍ന്ന് ഉച്ചയ്ക്കു രണ്ടുവരെ മകളെ ഉര്‍വശിക്കൊപ്പം വിടാന്‍ കോടതി അനുവദിച്ചു.

ഉച്ചയ്ക്കു ശേഷം കുഞ്ഞാറ്റയോടൊപ്പം മാതാപിതാക്കളെ ജഡ്ജിയുടെ ചേംബറിലേക്കു വിളിച്ചുവരുത്തി. കേസ് അടുത്തമാസം അഞ്ചിനു പരിഗണിക്കാനായി മാറ്റി. കുട്ടിയെ മനോജിനു കൈമാറി.

മനോജ് കെ. ജയന്റെ അഭിഭാഷകന്‍ ഹാജരാകാഞ്ഞതിനാലാണു കഴിഞ്ഞയാഴ്ച കോടതി ഉര്‍വശിക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചത്. മനോജ് കെ. ജയനും ഉര്‍വശിയും 2000ത്തില്‍ വിവാഹിതരായി 2008ലാണ് വേര്‍പിരിഞ്ഞത്. വേര്‍പിരിഞ്ഞു താമസിച്ച ഇരുവരും ചെന്നൈ പ്രിന്‍സിപ്പല്‍ കുടുംബ കോടതില്‍നിന്നു വിവാഹ മോചനം നേടി. ഇതിനു ശേഷം പലപ്പോഴായി ഉര്‍വശിയും മനോജും മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയെ സമീപിച്ചിച്ചിരുന്നു.

Tagged with: | |