എഡിറ്റര്‍
എഡിറ്റര്‍
നിയമയുദ്ധത്തിന് പരിസമാപ്തി: കുഞ്ഞാറ്റ ഉര്‍വശിയ്‌ക്കൊപ്പം
എഡിറ്റര്‍
Thursday 31st May 2012 12:17pm

എറണാകുളം : അവസാനം വിജയം ഉര്‍വ്വശിക്കൊപ്പം. ചലച്ചിത്രതാരങ്ങളായ മനോജിന്റെയും ഉര്‍വ്വശിയുടെ മകളായ കുഞ്ഞാറ്റയെ അമ്മയ്‌ക്കൊപ്പം വിടാന്‍ എറണാകുളം കുടുംബകോടതി വിധിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഉര്‍വ്വശി കേസില്‍ വിജയിക്കുന്നത്.

വേര്‍പിരിഞ്ഞശേഷം കോടതിനിര്‍ദ്ദേശമനുസരിച്ച് മനോജ്. കെ. ജയനൊപ്പമായിരുന്നു കുഞ്ഞാറ്റയുടെ താമസം. ആഴ്ച്ചയില്‍ ഒരു ദിവസം മാതാവിനൊപ്പം നിര്‍ത്താനും കോടതി അനുവദിച്ചിരുന്നു.

ഉര്‍വ്വശിയുമായുള്ള കേസ് നടന്നുകൊണ്ടിരിക്കെ തന്നെ മനോജ് മറ്റൊരു യുവതിയെ വിവാഹം ചെയ്തിരുന്നു. അതിലൊരു കുട്ടിയുണ്ട്.

കോടതിവിധിയില്‍ സന്തുഷ്ടയാണെന്ന് ഉര്‍വ്വശി പറഞ്ഞു. തന്റെ സത്യസന്ധത കോടതിക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് വിധി തനിക്ക് അനുകൂലമായതെന്നും അവര്‍ പറഞ്ഞു. തന്റെ കൂടെ ജീവിക്കാന്‍ കുഞ്ഞാറ്റയ്ക്ക് ഇഷ്ടമല്ലെന്ന പ്രചരണം ശരിയല്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. അച്ഛനും അമ്മയുമൊത്ത് ജീവിക്കണമെന്നാണ് കോടതിയില്‍ കുഞ്ഞാറ്റ പറഞ്ഞത്. ഇത് സാധ്യമല്ലാതെ വന്നപ്പോള്‍ അമ്മയോടൊപ്പവും ജീവിക്കാന്‍ ഒരുക്കമാണെന്ന് പറഞ്ഞു. ഇതേ തുടര്‍ന്നാണ് കുഞ്ഞിനെ തനിക്ക് വിട്ടു നല്‍കി കൊണ്ടുള്ള നിര്‍ണ്ണായകമായ വിധി വന്നതെന്നും ഉര്‍വശി വ്യക്തമാക്കി.

‘ഒരമ്മയുടെ സ്‌നേഹം മുഴുവന്‍ കുഞ്ഞാറ്റയ്ക്കു നല്‍കണം. മകള്‍ക്കുവേണ്ടി ജീവിക്കാന്‍ മറ്റൊരു വിവാഹ ജീവിതം ഉണ്ടാകരുതെന്നാണു ഞാന്‍ ആഗ്രഹിച്ചത്.’ ഉര്‍വശി പറഞ്ഞു

എന്നാല്‍ വിധിയില്‍ ഇനിയും മേല്‍കോടതിയെ സമീപിക്കാമെന്നതിനാല്‍ മനോജ്  തുടര്‍ന്നും  നിയമത്തിന്റെ വഴി തേടുമോയെന്നത് കാത്തിരുന്ന് കാണാം.

Advertisement