നടന്‍ മനോജ് കെ.ജയന്‍ മകളെ വിട്ടുതരുന്നില്ലെന്നാരോപിച്ച് നടി ഉര്‍വശി കോടതിയില്‍ ഹരജി നല്‍കി. ഇവരുടെ മകള്‍ കുഞ്ഞാറ്റ (തേജാലക്ഷ്മി) ഇപ്പോള്‍ മനോജിന്റെ കൂടെയാണ്.

ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കുന്നതിനായി മകളെ വിട്ടുനല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നുവെന്നും എന്നാല്‍ മനോജ് വിട്ടുനല്‍കാന്‍ തയ്യാറായില്ലെന്നും ഹരജിയില്‍ പറയുന്നു. രണ്ടുവര്‍ഷം മുന്‍പാണ് ഉര്‍വശിയും മനോജും വേര്‍പിരിഞ്ഞത്. അതിനുശേഷം മകള്‍ കുഞ്ഞാറ്റ മനോജിനോടൊപ്പമായിരുന്നു.

പൊങ്കാലയില്‍ പങ്കെടുക്കാന്‍ കുട്ടിയെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഉര്‍വശി ഏറണാകുളം കുടുംബകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതുപ്രകാരം കോടതി കുട്ടിയെ വിട്ടുനല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ പിതാവ് മനോജ് കെ.ജയന്‍ വെള്ളിയാഴ്ച രാവിലെ 9ന് കുട്ടിയെ കോടതി പരിസരത്ത് കൊണ്ടുവന്ന് കൈമാറണമെന്നായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് ഉര്‍വശി കാത്തുനിന്നെങ്കിലും കുട്ടിയുമായി മനോജ് എത്തിയില്ല. സ്‌കൂളില്‍ വിനോദയാത്ര പോകുന്നതിനാല്‍ കുട്ടിയെ കൈമാറാനാവില്ലെന്നായിരുന്നു മനോജിന്റെ വാദം. എന്നാല്‍ ഇത് കോടതി തള്ളി. ഉത്തരവ് നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മനോജ് മറ്റൊരു ഹരജിയും കുംടുംബക്കോടിതിയില്‍ സമര്‍പ്പിച്ചിരുന്നു.