Categories

പെറുവിനെ തകര്‍ത്ത് ഉറുഗ്വെ ഫൈനലില്‍

ലാപ്ലാറ്റ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഉറുഗ്വെ ഫൈനലില്‍ പ്രവേശിച്ചു. പെറുവിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫോര്‍ലാനും കൂട്ടരും 15ാം കിരീടം ലക്ഷ്യമിട്ട് മുന്നേറ്റം തുടരുന്നത്. മിനിറ്റുകളുടെ ഇടവേളയില്‍ രണ്ട് ഗോളുകളും വലയിലാക്കിയ ലൂയിസ് സുവാരസായാണ് ഉറുഗ്വെയുടെ വിജയസാരഥി.

ആദ്യ പകുതിയല്‍ ഗോളൊന്നും വീണില്ലെങ്കിലും 52ാം മിനിറ്റില്‍ പെറുവിന്റെ ഗോള്‍വല കുലുക്കിയ സുവാരസ് ഉറുഗ്വെയ്ക്ക് പ്രതീക്ഷയേകി. തൊട്ടുപിന്നാലെ 57ാം മിനിറ്റില്‍ സുവാരസ് ലക്ഷ്യം നേടിയപ്പോള്‍ ഉറുഗ്വെ ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കുകയായിരുന്നു. 14 തവണ ചാമ്പ്യന്മാരായ ഉറുഗ്വെ ഒരുതവണകൂടി കിരീടമുയര്‍ത്തി കോപയില്‍ ചരിത്രനേട്ടം കുറിക്കാനാകും ഫൈനലില്‍ ബൂട്ട് കെട്ടുക.

ഡീഗോ ഫോര്‍ലാനും സുവാരസും എതിരാളികളുടെ ഗോള്‍മുഖത്ത് തുടര്‍ച്ചയായ ആക്രമണം അഴിച്ചുവിട്ടതോടെ പെറുവിനു ആശ്വാസഗോള്‍ പോലും നേടാനായില്ല. ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ വമ്പന്മാര്‍ ക്വാര്‍ട്ടറില്‍ തന്നെ പുറത്തായതോടെ ശേഷിക്കുന്നവരില്‍ കോപ്പ കിരീടം കൈയെത്തുംദൂരത്തുള്ള പ്രമുഖ ടീമാണ് ഉറുഗ്വെ. 1995ല്‍ സ്വന്തം നാട്ടിലായിരുന്നു ഉറുഗ്വായ് അവസാനമായി ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായത്. 1999ല്‍ റണ്ണേഴ്‌സ്അപ്പും 2001ലും 2007ലും നാലാം സ്ഥാനവും 2004ല്‍ മൂന്നാം സ്ഥാനവും നേടിയ ഉറുഗ്വെ കിരീടമുയര്‍ത്താനാകും ഫൈനലില്‍ ഇറങ്ങുക.

രണ്ടാം പകുതിയില്‍ ഗോള്‍ നേടാനുള്ള ശ്രമത്തിനിടെ ചില പരുക്കന്‍ കളികള്‍ ഇരുടീമുകളും പുറത്തെടുത്തതോടെ പെറുവിന്റെ ജുവാന്‍ എം വരഗാസിനു ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോകേണ്ടിവന്നു. കളിയിലുടനീളം ആറു മഞ്ഞക്കാര്‍ഡുകളും റഫറി പുറത്തെടുത്തു. നാളെ നടക്കുന്ന പരാഗ്വെ വെനസ്വേല മത്സരത്തിലെ വിജയിയെ ഉറുഗ്വെ ഫൈനലില്‍ നേരിടും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.