തിരുവനന്തപുരം: യൂറിയ മറിച്ചുവിറ്റ സംഭവത്തെക്കുറിച്ച് കൃഷിവകുപ്പ് സെക്രട്ടറി അന്വേഷണം നടത്തുമെന്ന് മന്ത്രി മുല്ലക്കര രത്‌നാകരന്‍ നിയമസഭയെ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡിയോടെ നല്‍കുന്ന യൂറിയ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി മറിച്ചു നല്‍കിയതാണ് അന്വേഷിക്കുക. ഇതു സംബന്ധിച്ച് കോണ്‍ഗ്രസിലെ വി ഡി സതീശന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അടിയന്തരപ്രമേയത്തിന് സ്പപീക്കര്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് യൂറിയ മറിച്ച് വില്‍ക്കുന്നതെന്ന് വി ഡി സതീശന്‍ പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അന്വേണത്തിന് കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനെ തന്നെ ചുമതലപ്പെടുത്തുന്നത് ശരയല്ലെന്നും അദ്ദേഹം പറഞ്ഞു.