രാവത്ഭട്ട: ആന്ധ്രപ്രദേശിലെ തുമ്മലപള്ളിയില്‍ വന്‍ യുറേനിയം നിക്ഷേപം കണ്ടെത്തി. കണ്ടെത്തിയ യുറേനിയം ഏതാണ്ട് 49,000 ടണ്‍ വരുമെന്നാണ് കണക്കാക്കിയതെന്ന് ആണവോര്‍ജ കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീകുമാര്‍ ബാനര്‍ജി പറഞ്ഞു. മുന്‍പ് ഇവിടെ ഉണ്ടെന്നു കണക്കാക്കിയിരുന്നതിന്റെ മൂന്നിരട്ടിയാണിത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ യുറേനിയം നിക്ഷേപങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. നിലവില്‍ ഇന്ത്യയ്ക്ക് രണ്ടു യുറേനിയം നിക്ഷേപങ്ങളാണുള്ളത്. ഇതു രണ്ടും ജാര്‍ഖണ്ഡിലാണ്. ആന്ധ്രയില്‍ പുതിയ യുറേനിയം നിക്ഷേപം കണ്ടെത്തിയതോടെ യുറേനിയത്തിനായി ഇന്ത്യ മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറഞ്ഞേക്കും.

ആണവോര്‍ജ വകുപ്പിന്റെ കീഴിലുള്ള അറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റാണ് (എ.എം.ഡി) ഇവിടെ തിരച്ചില്‍ നടത്തിയത്. 15,000 ടണ്‍ യുറേനിയം കണ്ടെത്തുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. 1.5 ലക്ഷം ടണ്‍ കവിഞ്ഞാല്‍ ഇത് ലോകത്തിലെ ഏറ്റവും വലിയ യുറേനിയം നിക്ഷേപമായി മാറും.

തുമ്മലപള്ളെയില്‍ 160 കി. മീ നീളത്തിലും 400 മീറ്റര്‍ ആഴത്തിലും യുറേനിയം നിക്ഷേപമുണ്ടാകുമെന്നാണ് എ. എം. ഡി.യിലെ ശാസ്ത്രജ്ഞര്‍ കരുതുന്നത്. 2007 മുതല്‍ യുറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ഇവിടെ ഖനനം നടത്തുന്നുണ്ട്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ ജില്ലയിലുള്ള ഗോഗിയിലും 4,000 ടണ്‍ യുറേനിയം നിക്ഷേപമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.