ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരേ ബി.ജെ.പി അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. 2008ലെ വിശ്വാസവോട്ടെടുപ്പില്‍ ജയിക്കാനായി എം.പിമാര്‍ക്ക് പണംവാങ്ങിയെന്ന വിക്കിലീക്‌സ് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

എം.പിമാര്‍ക്ക് പണം നല്‍കി വോട്ടുനേടിയെന്ന വാര്‍ത്ത തെറ്റാണെന്നായിരുന്നു പ്രധാനമന്ത്രി വിശദീകരിച്ചത്. വിക്കിലീക്‌സ് രേഖകള്‍ വിശ്വാസ്യയോഗ്യമല്ലെന്നും പണം നല്‍കാന്‍ കോണ്‍ഗ്രസ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് അന്വേഷിച്ച സമിതി പ്രധാനമന്ത്രിയുടെ നിലപാടിന് വിരുദ്ധമായുള്ള നിഗമനത്തിലാണ് എത്തിച്ചേര്‍ന്നത്.

അതിനിടെ വിഷയത്തില്‍ പ്രതികരിക്കാന്‍ സുഷമാ സ്വരാജിനെ അനുവദിക്കാഞ്ഞത് ലോകസഭയില്‍ ബഹളത്തിനിടയാക്കി. തുടര്‍ന്ന് ഉച്ചവരെ ലോകസഭ നിര്‍ത്തിവെച്ചു. സ്പീക്കര്‍ മീരാകുമാറിന്റെ പ്രസ്താവനയെ ഖണ്ഡിച്ച സുഷമാ സ്വരാജിനെതിരേയും അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.