upaന്യൂദല്‍ഹി: പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കി. മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ ഘടകക്ഷി എം.പിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ വിരുന്ന് നടത്തുന്നുണ്ട്.

2004 സോണിയാ ഗാന്ധി പ്രധാനമന്ത്രി പദം ഏറ്റെടുക്കാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിംഗിനെ കഴിഞ്ഞ കുറച്ചുമാസങ്ങളായി പ്രശ്‌നങ്ങള്‍ പിന്‍തുടരുകയാണ്. അടുത്തിടെ ചില സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലമാണ് പ്രധാനമന്ത്രിയ്ക്ക് ചെറിയ ആശ്വാസം നല്‍കുന്നത്. ആസാമിലെയും, ബംഗാളിലെയും, കേരളത്തിലെയും കോണ്‍ഗ്രസിന്റെ വിജയം യു.പി.എ സര്‍ക്കാരിന് ചെറിയ ആശ്വാസമായിട്ടുണ്ട്.

സ്‌പെക്ട്രം കുംഭകോണം, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ആദര്‍ശ് ഫ് ളാറ്റ് വിവാദം, പി.ജെ തോമസ് വിവാദം എന്നിവ യു.പി.എ സര്‍ക്കാരിനെ വിടാതെ പിന്‍തുടരുകയാണ്. സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ ടെലികോം മന്ത്രി രാജയ്‌ക്കെതിരെ നിരവധി ആരോപണങ്ങളുണ്ടായിട്ടും പ്രധാനമന്ത്രി യാതൊരു നടപടിയും എടുക്കാത്തതില്‍ സുപ്രീംകോടതി വരെ മന്‍മോഹന്‍ സിംഗിനെ വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിനെതിരെയുള്ള ഈ ആരോപണങ്ങള്‍ കോണ്‍ഗ്രസ് പ്രസിഡന്റും യു.പി.എ ചെയര്‍പേഴ്‌സണുമായി സോണിയയെയും ബാധിച്ചിട്ടുണ്ട്.

എ.രാജയ്ക്കു പുറമേ കോണ്‍ഗ്രസ് എം.പി സുരേഷ് കല്‍മാഡിയും, ഡി.എം.കെ എം.പി കനിമൊഴിയും തീഹാര്‍ ജയിലിലടക്കപ്പെട്ടത് കോണ്‍ഗ്രസില്‍ വന്‍ തിരിച്ചടിയായിട്ടുണ്ട്.

അതേസമയം, പ്രധാനമന്ത്രി നാളെ നടത്തുന്ന വിരുന്നില്‍ ഡി.എം.കെയെ പ്രതിനിധീകരിച്ച് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി.ആര്‍.ബാലു പങ്കെടുക്കും. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ കരുണാനിധി പങ്കെടുക്കില്ല.

വിരുന്നില്‍ പങ്കെടുക്കാതിരുക്കുന്നതിലൂടെ കനിമൊഴിയെ അറസ്റ്റു ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിയ്‌ക്കെതിരെയുള്ള വ്യക്തമായ സന്ദേശമാണ് കരുണാനിധി നല്‍കാന്‍ ഉദ്ദേശിക്കുന്നത് വിലയിരുത്തപ്പെടുന്നു. കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ യാതൊരു വിള്ളലും ഇല്ലെന്ന് ഡി.എം.കെ നേതൃത്വം ആണയിടുന്നുണ്ടെങ്കിലും കനിമൊഴിയുടെ അറസ്റ്റ് കരുണാനിധിയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്.

അതിനിടെ പാര്‍ട്ടിക്കും തന്റെ കുടുംബത്തിനും നേരെ പകപോക്കാനാണ് സ്‌പെക്ര്ടം അഴിമതിക്കേസില്‍ കനിമൊഴി എം.പിയെ അറസ്റ്റു ചെയ്തതെന്ന് കരുണാനിധി ആരോപിച്ചു. കലൈഞ്ജര്‍ ടി.വിയുടെ ഓഹരി ഉടമയായി എന്നതു മാത്രമാണ് തന്റെ മകള്‍ ചെയ്ത തെറ്റ്. നിയമയുദ്ധത്തില്‍ അന്തിമ വിജയം തനിക്കാവുമെന്ന് ഉറപ്പുണ്ടെന്നും പാര്‍ട്ടി മുഖപത്രമായ മുരശൊലിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു.