ഫത്തേപ്പൂര്‍: ഉത്തര്‍പ്രദേശില്‍ കല്‍ക്ക ട്രെയിന്‍ പാളം തെറ്റി മരിച്ചവരുടെ എണ്ണം 66ആയി. ഒരു സ്വീഡിഷ് പൗരന്റേതടക്കം 15പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതായി ഫത്തേപ്പൂര്‍ എസ്.പി. റാം ഭറോസ് അറിയിച്ചു. പശ്ചിമബംഗാളിലെ ഹൗറയില്‍ നിന്നും ദല്‍ഹിയിലേക്ക് പോകുകയായിരുന്ന കല്‍ക്ക എക്‌സ്പ്രസ് ഞായറാഴ്ച 12.20 ഓടുകൂടിയാണ് പാളം തെറ്റിയത്.

സ്വീഡിഷ് പൗരനായ വിക്കാണ് മരിച്ചത്. അദ്ദേഹത്തിനൊപ്പം യാത്ര ട്രെയിനിലുണ്ടായിരുന്ന സുഹൃത്ത് ഓസ്‌കാര്‍ മൃതദേഹം തിരിച്ചറിഞ്ഞു. മറ്റൊരു സ്വീഡിഷ് പൗരനെ കാണാതായിട്ടുണ്ടെന്ന് ഓസ്‌കാറിനെ ഉദ്ധരിച്ച് കൊണ്ട് ഫത്താപ്പൂര്‍ എസ്.പി രാം ഭരോസ് പറഞ്ഞു.

പരിക്കേറ്റ 250ലേറെ പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റവരെ കാണ്‍പൂരിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരില്‍ സ്ത്രീകളുമുള്‍പ്പെടുന്നു.

കല്‍ക്ക എക്‌സ്പ്രസിന്റെ 15 ബോഗികളാണ് പാളം തെറ്റിയത്. ഇതില്‍ പത്തെണ്ണത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ഈ ബോഗികളിലുണ്ടായിരുന്നവരാണ് മരിച്ചതില്‍ കൂടുതല്‍പേരും. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

രാത്രിമുഴുവന്‍ രക്ഷാപ്രവര്‍ത്തനം നടന്നിരുന്നു. തകര്‍ന്ന എസി, നോണ്‍ എസി കംപാര്‍ട്ട്‌മെന്റുകളില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

1,200 ഓളം യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. അപകടസമയത്ത് മണിക്കൂറില്‍ 108കിലോമീറ്റര്‍ വേഗതയിലായിരുന്നു ട്രെയിന്‍ ഓടിക്കൊണ്ടിരുന്നത്. ഈ വേഗം കുറയ്ക്കാന്‍ എന്‍ജിന്‍ ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതിനാല്‍ അദ്ദേഹത്തിന്റെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ റെയില്‍വേ ഉത്തരവിട്ടു.