പ്രതാപ്ഗര്‍ : ഉത്തര്‍പ്രദേശിലെ ഭക്തിധാം ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 50പേര്‍ മരിച്ചു. മരിച്ചവരിലധികവും സ്ത്രീകളും കുട്ടികളുമാണ്. അറുപതിലധികം പേര്‍ക്ക് പരിക്കേറ്റു. പ്രതാപ്ഗറിലുളള ജഗദ്ഗുരു കൃപാല്‍ജി മഹാരാജിന്റെ ആശ്രമത്തിലെ ഭക്തിധാം ക്ഷേത്രത്തിനു സമീപമാണ് അപകടമുണ്ടായത്.

അഡീഷണല്‍ ഡി ജി പി (ലോ ആന്‍ഡ് ഓര്‍ഡര്‍) ബ്രിജ്‌ലാല്‍ മരണസംഖ്യ സ്ഥിരീകരിച്ചു. പരിക്കേറ്റവരെ പ്രതാപ്ഗറിലെയും അലഹബാദിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആശ്രമത്തില്‍ അന്നദാനസമയത്ത് പ്രധാന കവാടം തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ അനിയന്ത്രിതമായ തിരക്കിലാണ് ദുരന്തമുണ്ടായത്. തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങളില്ലാതിരുന്നത് മരണസംഖ്യ ഉയരാനിടയാക്കി.

രാവിലത്തെ പ്രഭാഷണത്തിനു ശേഷം ഉച്ചഭക്ഷണത്തിനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. രാധാകൃഷ്ണ ഭക്തിയുടെ പ്രവാചകനായ കൃപാല്‍ജി മഹാരാജിന്റെ മൂന്ന് അശ്രമങ്ങളില്‍ ഒന്നിലാണ് ദുരന്തമുണ്ടായത്.