ലക്‌നോ: ഉത്തര്‍പ്രദേശില്‍ അഞ്ചാംഘട്ട വോട്ടെടുപ്പില്‍ 59 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 49 മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പു നടന്നത്. ഫിറോസാബാദ്, കാന്‍ഷിറാം നഗര്‍, മെയിന്‍പുരി, ഇറ്റാ, ഇറ്റാവ, രാമാബായ്‌നഗര്‍, കാണ്‍പൂര്‍, ജലോണ്‍, ഝാന്‍സി, ലളിത്പൂര്‍, ഹമിര്‍പൂര്‍, മഹോബ ജില്ലകളിലാണ് ഈ മണ്ഡലങ്ങള്‍. ബുന്ധേല്‍ഖണ്ഡ് മേഖലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പു നടന്നു.

829 സ്ഥാനാര്‍ഥികളുടെ ജനവിധി നിര്‍ണയിക്കാനായി 1.56 കോടി വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലെത്തിയത്. ബി.ജെ.പി നേതാവ് ഉമാ ഭാരതി, പ്രതിപക്ഷ നേതാവ് ശിവ്പാല്‍ സിംഗ്, ബി.ജെ.പി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് പ്രേംലത കത്യാര്‍ എന്നിവര്‍ ഇന്ന് ജനവിധി തേടിയവരില്‍ ഉള്‍പ്പെടുന്നു.

കള്ളവോട്ടുകള്‍ പിടിക്കാനായി 981 വീഡോയോ ക്യാമറകളും 2100 ഡിജിറ്റല്‍ ക്യാമറുകളുമാണ് പ്രശ്‌നബാധിത ബൂത്തുകളില്‍ സ്ഥാപിച്ചത്. മുലായം സിംഗിന്റെ സ്വാധീനമേഖലയിലാണ് ഇന്ന് വോട്ടെടുപ്പു നടന്ന മണ്ഡലങ്ങള്‍. മുന്‍ മുഖ്യമന്ത്രി കല്യാണ്‍സിംഗിന് ഏറെ സ്വാധീനമുള്ള മേഖലയാണ് ഇറ്റാ.

2007ലെ വോട്ടെടുപ്പില്‍ 47.57 ശതമാനം പോളിംഗാണ് ഈ മണ്ഡലങ്ങളില്‍ രേഖപ്പെടുത്തിയത്. അന്ന് ബി.എസ്.പിയ്ക്ക് 27 സീറ്റുകളും ബി.ജെ.പിയ്ക്ക് 6 സീറ്റുകളും കോണ്‍ഗ്രസിന് രണ്ടും സീറ്റുകളുമായിരുന്നു ലഭിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ കന്‍ഷിരം നഗര്‍ രാംഭായി നഗര്‍ തുടങ്ങി പുതുതായി രണ്ടുമണ്ഡലങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Malayalam News

Kerala News In English