ലക്‌നൗ: യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ യു.പിയിലെ അറവുശാലകള്‍ അടച്ചുപൂട്ടിയ പൊലീസ് നടപടിക്ക് പിന്നാലെ മുസ്‌ലീം വീടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് വ്യാപക റെയ്ഡ് നടത്തുന്നതായി പരാതി.

യു.പിയിലെ മുസ്‌ലീം വിവാഹവീടുകളിലാണ് പൊലീസ് റെയ്ഡു ചെയ്യുന്നത്. വിവാഹസ്തക്കാരത്തില്‍ വിളമ്പുന്നത് എന്ത് തരം മാംസമാണെന്ന് അറിയാനാണ് പൊലീസിന്റെ റെയ്ഡ്. വിളമ്പുന്നത് മട്ടനോ ചിക്കനോ എന്ന് പൊലീസ് പരിശോധിക്കും.

റെയ്ഡിനിടെ ബീഫോ മട്ടനോ ചിക്കനോ വിളമ്പുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് പൊലീസിന്റെ ഭീഷണി. ഈ സാഹചര്യത്തില്‍ വിവാഹസത്ക്കാരത്തിനെത്തുന്നവര്‍ക്ക് മാംസ വിഭവങ്ങളൊന്നും നല്‍കാനാവുന്നില്ലെന്ന് ഇവര്‍ പറയുന്നു. വെജിറ്റബിള്‍ ഭക്ഷണം മാത്രമേ വിളമ്പാവൂ എന്നാണ് പൊലീസിന്റെ നിര്‍ദേശം.

കഴിഞ്ഞ ദിവസം കസ്ഗുഞ്ച് ടൗണ്‍ മാര്‍ക്കറ്റില്‍ റെയ്ഡ് നടത്തുകയും ചിക്കനോ മട്ടനോ ഇനി മുതല്‍ വില്‍പ്പന നടത്താന്‍ പാടില്ലെന്ന് പൊലീസ് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

ലക്ഷക്കണക്കിന് വ്യാപികളെ ബാധിക്കുന്ന നടപടിയാണ് പൊലീസിന്റേതെന്ന് ലക്‌നൗ മട്ടണ്‍ ട്രേഡേഴ്‌സ് അസോസിയേഷന്‍ അംഗമായ മുഹീന്‍ ഖുറേഷി പറയുന്നു. വിഷയത്തില്‍ വലിയ സമരത്തിന് തങ്ങള്‍ തയ്യാറെടുക്കുയാണെന്നും ഇദ്ദേഹം പറഞ്ഞു. അടുത്ത ജില്ലകളില്‍ നിന്നെന്നും ഇപ്പോള്‍ മത്സ്യമാംസങ്ങള്‍ യു.പിയില്‍ എത്തുന്നില്ലെന്നും ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

ലക്ഷക്കണക്കിനാളുകളാണ് മാംസ വിപണനവുമായി ബന്ധപ്പെട്ട് ഇവിടെ ഉപജീവനം നടത്തുന്നത്. അറവുശാലകള്‍ ഇല്ലാതാകുന്നതോടെ ഇവരെല്ലാം തൊഴില്‍രഹിതരാകും. കടുത്ത ദാരിദ്ര്യവും തൊഴിലില്ലായ്മയും നിലനില്‍ക്കുന്ന ഇവിടെ ലക്ഷങ്ങള്‍ പെട്ടെന്ന് തൊഴില്‍രഹിതരാകുന്നത് സംസ്ഥാനത്തിന്റെ സമ്പദ്വ്യസ്ഥക്ക് ആഘാതമാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

നിയമവിരുദ്ധ അറവുശാലകള്‍ അടച്ചുപൂട്ടുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനമെങ്കിലും എല്ലാ അറവുശാലകളും സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഇവിടെ അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണ്.