ലക്‌നൗ: യോഗിആദിത്യനാഥ് സര്‍ക്കാരിലെ ജയില്‍മന്ത്രി ജയ്കുമാര്‍ സിങ് ജെയ്കിയുടെ അകമ്പടി വാഹനങ്ങള്‍ കയറിയിറക്കി കൃഷി നശിപ്പിച്ചതായി കര്‍ഷകന്‍. സമയം ലാഭിക്കാനായി മെയിന്‍ റോഡില്‍ എളുപ്പത്തിലെത്തുന്നതിനായി ദേവേന്ദ്ര ദോഹ്‌റെ എന്ന കര്‍ഷകന്റെ പാടത്തുകൂടെ വണ്ടി ഓടിക്കുകയായിരുന്നു.

വരള്‍ച്ച മൂലം കര്‍ഷകര്‍ ദുരിതം അനുഭവിക്കുന്ന യു.പിയിലെ ബുന്ദേല്‍ഖണ്ഡ് മേഖലയിലാണ് സംഭവം.

പ്രദേശത്തെ ഗോശാലയുടെ ഉദ്ഘാടനത്തിനായി എത്തിയപ്പോഴാണ് സംഭവം. പരാതി പറയാനെത്തിയ തനിക്ക് 4000 രൂപ നല്‍കുകയാണ് ചെയ്തതെന്നും എന്നാല്‍ 35000ത്തിനടുത്ത് രൂപ മുടക്കി പരിപാലിച്ചു പോന്ന കൃഷിയാണ് നശിപ്പിക്കപ്പെട്ടെതെന്നും ദൊഹ്‌റെ പറഞ്ഞു.

മന്ത്രിയുടെ മുന്നില്‍ കരഞ്ഞുകൊണ്ട് പരാതി പറയുന്ന ദൊഹ്‌റെയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേ സമയം വയലില്‍ കൃഷി കണ്ടില്ലെന്നും കുറച്ചു സ്ഥലത്ത് മാത്രമാണ് നഷ്ടം സംഭവിച്ചിട്ടുള്ളൂവെന്നും മന്ത്രി പറഞ്ഞു.