എഡിറ്റര്‍
എഡിറ്റര്‍
മുസ്‌ലീം ആയതുകൊണ്ടാണോ ഞങ്ങളോടിങ്ങനെ; യു.പി ജനത ചോദിക്കുന്നു
എഡിറ്റര്‍
Thursday 30th March 2017 1:47pm

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് പിന്നാലെ യു.പിയിലെ എല്ലാ അറവുശാലകളും അടച്ചുപൂട്ടിയതില്‍ വലിയ പ്രതിസന്ധി നേരിടുകയാണ് ഈ മേഖലയെ ആശ്രയിച്ചുകഴിഞ്ഞിരുന്നവര്‍.

ലൈസന്‍സില്ലാത്ത അറവുശാലകള്‍ മാത്രമേ അടച്ചുപൂട്ടുകയുള്ളൂ എന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനമെങ്കിലും സംസ്ഥാനത്തെ എല്ലാ അറവുശാലകളും സംഘപരിവാര്‍ നേതൃത്വത്തില്‍ അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണ്.

യു.പിക്ക് പിന്നാലെ ഗുജറാത്തിലേയും ഹരിയാനയിലേയും അറവുശാലകള്‍ വ്യാപകമായി പൂട്ടുകയാണെന്ന പരാതി ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. പലയിടത്തും ആട്ടിറച്ചിയും കോഴിയിറച്ചിയും വില്‍ക്കുന്നതുപോലും നിരോധിച്ചിരിക്കുകയാണ്.

യു.പിയിലെ അറവുകശാലകള്‍ അടച്ചുപൂട്ടിയതോടെ നിരവധി പേരുടെ ജീവിതമാണ് വഴിമുട്ടിയത്. ഭക്ഷണം വാങ്ങാന്‍ പോലും കയ്യില്‍ പണമില്ലാത്ത അവസ്ഥയിലാണ് പല കുടുംബങ്ങളും.

”രണ്ടാഴ്ച മുന്‍പാണ് എന്റെ കട പൂട്ടിച്ചത്. എന്റെ കയ്യില്‍ ചില്ലിക്കാശില്ല. എന്റെ കുട്ടികള്‍ക്കും വീട്ടുകാര്‍ക്കും എങ്ങനെ ഭക്ഷണം കൊടുക്കുമെന്ന് അറിയില്ല. ഞാന്‍ ഒരു മുസ്‌ലീം ആയതുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചത് അതോ ഇറച്ചിവില്‍പ്പനക്കാരനായതുകൊണ്ടാണോ – 52 കാരനായ ഷക്കീല്‍ അഹമ്മദ് ചോദിക്കുന്നു. അറവുശാലകള്‍ അടച്ചുപൂട്ടുകയും ഇറച്ചി വില്‍പ്പന നിരോധിക്കുകയും ചെയ്ത് യോഗി ആദിത്യനാഥിന്റെ നടപടിക്കെതിരെ അങ്ങേയറ്റത്തെ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറയുന്നു.

ബീഫ് വില്‍പ്പന നിര്‍ത്തലാക്കുമെന്നും അറവുശാലകള്‍ അടച്ചുപൂട്ടുമെന്നും ബി.ജെ.പി അവരുടെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന കാര്യമാണ്. പക്ഷേ എന്തിന് വേണ്ടിയാണ് കോഴിയിറച്ചിയും ആട്ടിറച്ചിയും വില്‍ക്കുന്ന ചെറിയ കടകള്‍ പോലും അവര്‍ അടച്ചുപൂട്ടിക്കുന്നത്.? അവിടെ തൊഴിലെടുക്കുന്നവരെല്ലാം ദിവസവേതനക്കാരാണ്. എന്നെപ്പോലെ തന്നെ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഈ തൊഴില്‍ മാത്രം ചെയ്തുജീവിക്കുന്നവരാണ്. മറ്റൊരു തൊഴിലും ഞങ്ങള്‍ക്ക് അറിയില്ല- ഷക്കീല്‍ അഹമ്മദ് പറയുന്നു.

ലൈസന്‍സ് പുതുക്കിനല്‍കണമെന്ന അപേക്ഷ മുന്‍സിപ്പല്‍ അതോറിറ്റി തള്ളി. ഇറച്ചിവെട്ട് നിര്‍ത്തലാക്കി മാലിന്യ സംസ്‌ക്കരണ യൂണിറ്റ് ആരംഭിക്കാനാണ് അവര്‍ എന്നോട് പറഞ്ഞത്. എന്നാല്‍ അതിനൊന്നും വേണ്ട പണം എന്റെ കയ്യിലില്ല- അഹമ്മദ് പറയുന്നു.

മുസ്‌ലിം ഖുറേഷി വിഭാഗങ്ങള്‍ താമസിക്കുന്ന മേഖലയിലാണ് അഹമ്മദിന്റെ വീട്. പത്തംഗങ്ങള്‍ ഉള്‍പ്പെടുന്ന കുടംബമാണ് ഇദ്ദേഹത്തിന്റേത്.
ഇവിടുത്തുകാര്‍ പരമ്പരാഗതമായി ഇറച്ചിവ്യാപാരമാണ് നടത്തുന്നതെന്ന് അഹമ്മദിന്റെ അമ്മ ഫാത്തിമ ബീഗം പറയുന്നു.

ഞങ്ങളുടെ സമുദായത്തിലെ പുരുഷന്‍മാര്‍ക്ക് മറ്റ് തൊഴിലൊന്നും അറിയില്ല. ഞങ്ങള്‍ പൊതുവെ ദരിദ്രരാണ്. ഇനി ഞങ്ങള്‍ക്ക് എന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കുമെന്ന് പോലും അറിയില്ല. അവര്‍ ഞങ്ങളെ കൊല്ലും- ഫാത്തിമ പറയുന്നു.

നിരവധി അസുഖങ്ങള്‍ എനിക്കുണ്ട്. പലതിനും മരുന്ന് കഴിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ മരുന്ന് വാങ്ങാന്‍ പണമില്ല. മകനോട് പറയാനും തോന്നുന്നില്ല. അവന്റെ മുന്നിലും മറ്റുമാര്‍ഗങ്ങളൊന്നുമില്ല.-അവര്‍ പറയുന്നു.

മക്കളുടെ വിദ്യാഭ്യാസത്തെ കുറിച്ച് ആലോചിച്ചാണ് വിഷമമെന്ന് അഹമ്മദിന്റെ ഭാര്യ ഹസ്‌ന ബീഗം പറയുന്നു. എന്റെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസവും നല്ല ഭക്ഷണവും നല്‍കണമെന്നതായിരുന്നു ഞങ്ങളുടെ വലിയ ആഗ്രഹം. അറവുശാലകള്‍ തെറ്റാണെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. മറ്റെന്തെങ്കിലും തൊഴില്‍ ചെയ്യണമെന്നും അവര്‍ പറയുന്നു. നല്ലൊരു ഭാവി സ്വപ്‌നം കണ്ട കുട്ടികളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ് ഇത്- ഹസ്‌ന പറയുന്നു.

കട നടത്താന്‍ ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും സംഘപരിവാര്‍ പ്രവര്‍ത്തകരെ ഭയന്ന് താനും കടപൂട്ടിയെന്ന് മറ്റൊരു വ്യാപാരിയായ മുഹമ്മദ് ഷരീഖ് പറയുന്നു. നിങ്ങള്‍ എന്റെ വീട് നോക്കൂ അത് തകര്‍ന്നുവീഴാറായിട്ടുണ്ട്. എനിക്ക് 10 പേരുടെ വിശപ്പ് അകറ്റണം. ഞങ്ങളുടെ ഏക വരുമാനമാര്‍ഗം ഇല്ലാതാക്കിയ സര്‍ക്കാര്‍ നടപടി ശരിയാണോ? മുഖ്യമന്ത്രി തങ്ങളുടെ വിഷമം മനസിലാക്കുമെന്നാണ് കരുതുന്നത്.

യോഗി ആദിത്യനാഥിന്റെ പേരില്‍ അതിക്രമം നടത്തുന്നവരെ അദ്ദേഹം തിരിച്ചറിയണം. ആട്ടിറച്ചിയും കോഴിയിറച്ചിയും വില്‍ക്കുന്നതിന് ഒരു തടസവും സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. എന്നാല്‍ അത്തരം കടകളും ഇപ്പോള്‍ പൂട്ടിക്കുകയാണ്. ഷരീഫിന്റെ സഹോദരന്‍ ഖുറേഷി പറയുന്നു. ഞങ്ങളുടെ കടയില്‍ നിന്നും മുസ്‌ലീങ്ങള്‍ മാത്രമല്ല മാംസം വാങ്ങിക്കുന്നത്.

അതില്‍ ഹിന്ദുക്കളും ഉണ്ട്. ഞങ്ങളുടെ മാര്‍ക്കറ്റിലെ ഭൂരിഭാഗം ആവശ്യക്കാരും ഹിന്ദുക്കളാണ്. ഇന്ത്യന്‍ ആര്‍മിയിലെ ജീവനക്കാര്‍ വരെ ഞങ്ങളുടെ അടുത്ത് വന്ന് ഇറച്ചിവാങ്ങാറുണ്ട്. ഇത് മുസ്‌ലീങ്ങളുടെ മാത്രം പ്രശ്‌നമായി ഞങ്ങള്‍ കാണുന്നില്ല. ഇറച്ചിവില്‍പ്പനക്കാരനേയും കടയുടമയേയും മാത്രമല്ല ഇത് ബാധിക്കുക. പാവപ്പെട്ടവരേയും സാധാരണക്കാരേയുമാണ് ഇത് ബാധിക്കുന്നത്. ചെമ്മരിടാടിന്റെ തോല്‍ എടുക്കുന്നവരേയും മൃഗങ്ങളെ വാഹനത്തില്‍ എത്തിക്കുന്നവരേയും കന്നുകാലി കര്‍ഷകരേയും എല്ലാം ബാധിക്കും. – ഖുറേഷി പറയുന്നു.

ആടുകളേയും ചെമ്മരിയാടുകളേയും വില്‍പ്പന നടത്തുന്നവരില്‍ പലരും ഹിന്ദുക്കളാണ്. അവരും ഇപ്പോള്‍ പ്രതിസന്ധിയിലായി ചുന്നി ലാല്‍ എന്നയാള്‍ പറയുന്നു. എന്റെ കൈവശമുള്ള ആടുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ എന്റെ കയ്യില്‍ പണമില്ല. ആടുകളെ വില്‍ക്കലാണ് എന്റെ ജോലി. എന്നാല്‍ ഇപ്പോള്‍ ആരും ആടുകളെ വാങ്ങുന്നില്ല. – ചുന്നി ലാല്‍ പറയുന്നു.

ഫാന്‍സി റോഡുകള്‍ വേണമെന്നോ സ്‌കൂളുകള്‍ വേണമെന്നോ ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. ഞങ്ങളുടെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ അല്പം പണം ഉണ്ടായാല്‍ മതി. ഒരു സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കാവുന്ന ഏറ്റവും തുച്ഛമായ ആവശ്യമാണ് ഇത്- ഖുര്‍സര്‍ ഖുറേഷി പറയുന്നു.

Advertisement