ലക്‌നൗ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് അമേഠി സന്ദര്‍ശിക്കാമെന്ന് യു.പി സര്‍ക്കാര്‍. സ്വന്തം മണ്ഡലത്തില്‍ ഒരു ജനപ്രതിനിധി സന്ദര്‍ശിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

നേരത്തെ രാഹുലിന്റെ സന്ദര്‍ശനം മാറ്റിവെക്കണമെന്ന് യു.പി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മതിയായ സുരക്ഷ ഒരുക്കാന്‍ സാധിക്കില്ല എന്നു ചൂണ്ടിക്കാണിച്ചാണ് രാഹുലിന്റെ സന്ദര്‍ശനം മാറ്റിവെക്കണമെന്ന് യോഗി ഭരണകൂടം കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിക്ക് കത്തയച്ചത്.


Also Read: ‘ആളുകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ഫേസ്ബുക്ക് ഉപയോഗിക്കപ്പെട്ടത്’ താന്‍ മാപ്പുചോദിക്കുന്നുവെന്ന് സുക്കര്‍ബര്‍ഗ്


എന്നാല്‍ സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് വ്യാപകമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രാഹുലിന്റെ സന്ദര്‍ശനം തടയാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ സുരക്ഷാപ്രശ്‌നമുയര്‍ത്തുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

രാഹുല്‍ പരസ്യമായി സര്‍ക്കാരിന്റെ വീഴ്ചകള്‍ പുറത്തുകൊണ്ടുവരുമെന്നതിലെ ഭയമാണ് ഇത്തരത്തില്‍ ഒരു നീക്കത്തിന് യോഗി ഭരണകൂടം ശ്രമിച്ചതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഖിലേഷ് സിംഗ് പ്രതികരിച്ചു.