എഡിറ്റര്‍
എഡിറ്റര്‍
സെയ്ഫായ് മഹോത്സവിനു മുടക്കിയത് കോടികള്‍; മുസാഫര്‍ നഗറിനെ അവഗണിച്ച് വീണ്ടും യു.പി സര്‍ക്കാര്‍
എഡിറ്റര്‍
Thursday 9th January 2014 9:26pm

akhilesh-yadav

ഉത്തര്‍പ്രദേശ്: മുസാഫര്‍ നഗറില്‍ കലാപബാധിതര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ തണുപ്പില്‍ മരണത്തെ മുഖാമുഖം കാണുമ്പോള്‍ യു.പി സര്‍ക്കാര്‍ ബോളിവുഡ് താരങ്ങളെ അണിനിരത്തി പരിപാടി സംഘടിപ്പിച്ചത് വിവാദമാവുന്നു.

തണുപ്പിനെ പ്രതിരോധിക്കാന്‍ കലാപബാധിതര്‍ക്ക് പുതപ്പോ  വെള്ളമോ വൈദ്യുതിയോ പോലും ലഭ്യമാക്കാതെയാണ് കോടികള്‍ ചെലവഴിച്ച് സെയ്ഫായ് മഹോല്‍സവ മേള സംഘടിപ്പിച്ചത്. മേളയില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും പങ്കെടുത്തത്തിരുന്നു.

ന്യൂനപക്ഷത്തോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ വിവേചനത്തിന്റെ ഉദാഹരണമാണ് ഇതെന്നാണ് ആരോപണം.

ബോളിവുഡ് താരങ്ങളുടെ പാട്ടും നൃത്തവുമായിരുന്നു പരിപാടിയില്‍ പ്രധാനമായും ഉണ്ടായിരുന്നത്. സല്‍മാന്‍ ഖാന്‍, ദീപിക പദുക്കോണ്‍, മാധുരി ദീക്ഷിത് അടക്കമുള്ള താരനിരയെയാണ് പരിപാടിയില്‍ അണിനിരത്തിയത്.

ഇറ്റാവ ജില്ലയിലെ സെയ്ഫായ് ഗ്രാമം യാദവ കുലത്തിന്റെ പൈതൃക ഗ്രാമമായാണ് അറിയപ്പെടുന്നത്.

മുലായം സിങ് യാദവ് ജനിച്ചതും ഇതേ ഗ്രാമത്തിലാണ്. എല്ലാ വര്‍ഷവും നടന്നുവരുന്ന സെയ്ഫായ് മഹോല്‍സവം ഇത്തവണ കോടികള്‍ ചെലവിട്ട് വിപുലമായി നടത്താന്‍ അഖിലേഷ് യാദവ് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

താരങ്ങളെ ഈ ഗ്രാമത്തിലേക്ക് എത്തിക്കാന്‍ ഏഴ് ജെറ്റു വിമാനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയത്.

എന്നാല്‍, സംഭവം വിവാദമായതോടെ കലാപ ബാധിതര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയതിന് ശേഷമാണ് മേള നടത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ടെന്റിനുള്ളിലെ തണുപ്പില്‍ 34 കുട്ടികള്‍ ആണ് മുസാഫര്‍ നഗറില്‍ ജീവന്‍ വെടിഞ്ഞതെന്നും ഈ സാഹചര്യത്തില്‍ ആഘോഷം സംഘടിപ്പിച്ച സര്‍ക്കാരിന് എല്ലാ മനുഷ്യത്വവും നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ബി.എസ്.പി നേതാവ് സുധീന്ദ്ര ബധോരിയ പറഞ്ഞു.

കലാപത്തിനരായി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവരോട് വീട്ടിലേക്കു മടങ്ങിപ്പോകാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതും മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും 5 വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയതും കഴിഞ്ഞ ദിവസങ്ങളില്‍ വിവാദമായിരുന്നു.

Advertisement