ന്യൂദല്‍ഹി: മാനംകാക്കല്‍ കൊലപാതകങ്ങളെ ന്യായീകരിച്ചുകൊണ്ടുള്ള ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ പ്രസ്താവന വിവാദമാകുന്നു. തന്റെ സഹോദരി ഒളിച്ചോടുകയാണെങ്കില്‍ താന്‍ അവളെ കൊല്ലുകയോ സ്വയം മരിക്കുകയോ ചെയ്യുമെന്നായിരുന്നു പോലീസ് ഓഫീസറുടെ പ്രസ്താവന. സഹാരന്‍പൂര്‍ റെയ്ഞ്ച് ഡി.ഐ.ജി സതീഷ് കുമാര്‍ മാതുറാണ് വിവാദപ്രസ്താവനയ്ക്ക് പിന്നില്‍.

പതിവ് പോലീസ് സ്‌റ്റേഷന്‍ പരിശോധനയ്ക്കിടെയാണ് മാതുര്‍ മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്. മകള്‍ ഒളിച്ചോടിപ്പോയതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തിയ പിതാവിനെ കണ്ടശേഷമാണ് മാതുര്‍ ഇത് പറഞ്ഞത്.

‘ ഇത് വലിയ നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. ‘ കാണാതായ തന്റെ മകളെ കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയയാളോട് മാതുറിന്റെ ആദ്യപ്രതികരണം ഇങ്ങനെയായിരുന്നു.

‘ ആരുടെയെങ്കിലും മകളോ സഹോദരിയോ ഇങ്ങനെ ഓടിപ്പോകുകയാണെങ്കില്‍ അയാള്‍ പിന്നെ വെള്ളത്തില്‍ മുങ്ങി മരിക്കുന്നതാണ് നല്ലത്. അഥവാ എന്റെ സഹോദരിയാണ് അങ്ങനെ ചെയ്തതെങ്കില്‍ ഞാന്‍ അവളെ വെടിവെച്ച് കൊല്ലുകയോ, സ്വയം മരിക്കുകയോ ചെയ്യും’ അദ്ദേഹം പറഞ്ഞു.

Malayalam news

Kerala news in English