ലക്നൗ: ഉത്തര്‍പ്രദേശില്‍ താമസിക്കാന്‍ മുറി നല്‍കാത്തതിനെത്തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്കുനേരെ ക്രൂരമര്‍ദ്ദനവുമായി പൊലീസ് ഉദ്യോഗസ്ഥര്‍. ഞായറാഴ്ച യുപി തലസ്ഥാനമായ ലക്നൗവിലെ ഹോട്ടലിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം ഹോട്ടലിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ തങ്ങാന്‍ മുറി ആവശ്യപ്പെട്ടപ്പോള്‍ റൂം ഒഴിവില്ലാത്തതിനാല്‍ നല്‍കാന്‍ കഴിയില്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞിരുന്നു.

ഇതില്‍ രോഷം പൂണ്ട പൊലീസ് ഉദ്യോഗസ്ഥരാണ് ജീവനക്കാരെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഹോട്ടലിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഹോട്ടല്‍ ജീവനക്കാര്‍ക്കുനേരെ മാത്രമല്ല ഹോട്ടല്‍ റൂമുകളിലെ അന്തേവാസികളെയും ഇവര്‍ അപമാനിച്ചതായി മാനേജര്‍ രമേഷ് പറഞ്ഞു. ഇതേത്തുടര്‍ന്ന് മിക്ക താമസക്കാരും രാത്രിതന്നെ പണംപോലും നല്‍കാതെ റൂം ഒഴിഞ്ഞുപോകുയായിരുന്നു.

സംഭവത്തില്‍ പ്രതിയാക്കപ്പെട്ട പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തതായി ആലംബാഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.